ഡിസംബര്‍ അഞ്ചിന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും; എ കെ ആന്റണി ഉപാധ്യക്ഷന്‍ ..?

തിങ്കളാഴ്ച ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം പുതിയഅധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തീയതിയ്ക്ക് അന്തിമ അംഗീകാരം നല്‍കും
ഡിസംബര്‍ അഞ്ചിന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും; എ കെ ആന്റണി ഉപാധ്യക്ഷന്‍ ..?

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ചുമതലയേല്‍ക്കും. ഡിസംബര്‍ അഞ്ചിനോ അതിനു മുമ്പോ രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കുമെന്നാണ് സൂചന. തിങ്കളാഴ്ച ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തീയതിയ്ക്ക് അന്തിമ അംഗീകാരം നല്‍കും. തിങ്കളാഴ്ച രാവിലെ 10.30നാണ് നമ്പര്‍ 10 ജന്‍പഥില്‍ യോഗം ചേരുന്നത്. യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി പ്രമേയം അവതരിപ്പിക്കും. കോണ്‍ഗ്രസ് ഭരണ ഘടന പ്രകാരം അന്തിമ അംഗീകാരം നല്‍കേണ്ടത് എഐസിസിയാണ്. 

മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്  സമിതി പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള സമയക്രമം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ചായിരിക്കും തിങ്കളാഴ്ച ചേരുന്ന നേതൃയോഗം തീയതി നിശ്ചയിക്കുക. 12 മുതല്‍ 14 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് മുല്ലപ്പള്ളി സമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നതെന്നാണ് സൂചന. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനാണ് തുടങ്ങുന്നത്. ഇതിന് മുമ്പ് രാഹുല്‍ അധ്യക്ഷ പദം ഏറ്റെടുക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. 

രാഹുല്‍ അദ്യക്ഷ പദവി ഏറ്റെടുക്കുമ്പോള്‍, മുതിര്‍ന്ന പ്രവര്‍ത്തക സമികി അംഗം എ കെ ആന്റണി കോണ്‍ഗ്രസ് ഉപാധ്യക്ഷനായേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് സോണിയാഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍, രാഹുലിന് ഉപദേശം നല്‍കാന്‍ മുതിര്‍ന്ന അംഗം വേണമെന്ന വിലയിരുത്തതിന്റെ അടിസ്ഥാനത്തിലാണ് ആന്റണിയെ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. നേരത്തെ ആന്റണി തനിക്ക് ഗുരുവാണെന്ന് രാഹുല്‍ പറഞ്ഞ കാര്യവും ഇക്കാര്യം സൂചിപ്പിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നു. 

തിങ്കളാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയക്രമം മാത്രമായിരിക്കും തീരുമാനിക്കുക. അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം രാഹുലിന്റെ സ്ഥാനാരോഹണ ചടങ്ങ് എഐസിസി ആസ്ഥാനത്ത് ലളിതമായ ചടങ്ങുകളോടെ നടത്താനാണ് സാധ്യത. പ്ലീനറി സമ്മേളന തീയതി പിന്നീട് നിശ്ചയിക്കാമെന്നാണ് എ കെ ആന്റണി, അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കള്‍ മുന്നോട്ടുവെച്ച നിര്‍ദേശം. പ്ലീനറി സമ്മേളനത്തിലാകും ആഘോഷപൂര്‍വമുള്ള സ്ഥാനാരോഹണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com