ലൗജിഹാദില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍ നിര്‍ദേശങ്ങളുമായി സംഘപരിവാര്‍ മേള; വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ലൗ ജിഹാദില്‍ ഹിന്ദു പെണ്‍കുട്ടികള്‍ വീഴരുത് എന്ന ജാഗ്രതയോടെ ആദ്ധ്യാത്മിക മേളയില്‍ സംഘാടകര്‍ ലഘുലേഖകള്‍ വിതരണം ചെയ്താണ് വിവാദമാകുന്നത്
ലൗജിഹാദില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍ നിര്‍ദേശങ്ങളുമായി സംഘപരിവാര്‍ മേള; വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍:   രാജസ്ഥാനിലെ ജയ്പൂരില്‍ ബിജെപി സര്‍ക്കാരിന്റെ പിന്തുണയോടെ നടക്കുന്ന ആദ്ധ്യാത്മിക  മേള വിവാദമാകുന്നു. ലൗ ജിഹാദില്‍ ഹിന്ദു പെണ്‍കുട്ടികള്‍ വീഴരുത് എന്ന ജാഗ്രതയോടെ ആദ്ധ്യാത്മിക മേളയില്‍ സംഘാടകര്‍ ലഘുലേഖകള്‍ വിതരണം ചെയ്താണ് വിവാദമാകുന്നത്. ഇതോടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ മേള സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് വസുന്ധരരാജ്യസിന്ധ്യ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെയും പ്രതിഷേധം പുകയുകയാണ്.

ഹിന്ദുപെണ്‍കുട്ടികള്‍ ലൗജിഹാദ് എന്ന കെണിയില്‍ പ്പെടാതിരിക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന ലഘുലേഖകളാണ് സംഘാടകര്‍ വിതരണം ചെയ്തത്. സംഘപരിവാര്‍ അനുകൂല സംഘടനയാണ് ആദ്ധ്യാത്മിക മേള സംഘടിപ്പിക്കുന്നത്. ഈ മാസം 16 മുതലാണ് മേള ആരംഭിച്ചത്. ഇത്തരം കെണിയില്‍ പെണ്‍കുട്ടികള്‍ വീഴാതിരിക്കാന്‍ വീട്ടുകാര്‍ എന്തെല്ലാം ചെയ്യണമെന്നും ലഘുലേഖയില്‍ വിശദീകരിക്കുന്നു. പെണ്‍കുട്ടികളുടെ ഫോണുകള്‍ പരിശോധിക്കണം.സ്ഥിരമായി പെണ്‍കുട്ടികളെ പിന്തുടരണം. ഈ നിലയില്‍ മാതാപിതാക്കള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കുന്ന നിലയിലാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കാന്‍ ലൗജിഹാദിനെ ഇത്തരക്കാര്‍ ആയുധം ആക്കുന്നുവെന്നും ലഘുലേഖ ആരോപിക്കുന്നു.  ജിഹാദ് ആന്റ് ലൗ ജിഹാദ് എന്ന തലക്കെട്ടോടെ പുറത്തിറക്കിയ ലഘുലേഖയില്‍ മുസ്ലീം യുവാക്കള്‍ എങ്ങനെയാണ് പെണ്‍കുട്ടികളെ ആകര്‍ഷിച്ച് ഇസ്ലാംമതത്തിലേക്ക് കൊണ്ടുപോകുന്നത് എന്നും വിവരിക്കുന്നു. 

ഹിന്ദുകുടുംബങ്ങളെ വിശ്വാസത്തിലെടുത്താണ് ഇത്തരം മുസ്ലീം യുവാക്കള്‍ ലൗജിഹാദ് നടത്തുന്നത്. ഇതിനായി ഹിന്ദുവിശ്വാസങ്ങളോട് ഇവര്‍ ആഭിമുഖ്യം പുലര്‍ത്തുന്നതായി അഭിനയിക്കും. ഇത്തരത്തില്‍ പെണ്‍കുട്ടികളുമായി അടുക്കുന്ന ഇവര്‍ ഒരിക്കല്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടുന്നു. വീട്ടുകാരുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ടാണ് ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് എന്നും വിവാദ ലഘുലേഖയില്‍ വിശദീകരിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ശശിതരൂര്‍ എം പി രംഗത്തെത്തി. മേളയില്‍ പങ്കെടുക്കുന്നത് നിര്‍ബദ്ധമാക്കരുത്. ആദ്ധ്യാത്മിക മേളയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത്തരത്തിലുളള ലഘുലേഖകള്‍ ഉപയോഗിക്കുന്നത് ശരിയായ കാര്യമല്ല. വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com