മുസ്‌ലിംകളുടെ അപേക്ഷ കേള്‍ക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു; കര്‍സേവകര്‍ക്ക് നേരെ വെടിവെയ്ക്കാനുള്ള തീരുമാനം ശരിയായിരുന്നെന്ന് മുലായം സിങ് യാദവ് 

1990ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ നടന്ന വെടിവെയ്പ്പ് തെറ്റായിരുന്നില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ്
മുസ്‌ലിംകളുടെ അപേക്ഷ കേള്‍ക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു; കര്‍സേവകര്‍ക്ക് നേരെ വെടിവെയ്ക്കാനുള്ള തീരുമാനം ശരിയായിരുന്നെന്ന് മുലായം സിങ് യാദവ് 

ലഖ്‌നൗ: 1990ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ നടന്ന വെടിവെയ്പ്പ് തെറ്റായിരുന്നില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ്. അന്ന് ഇരുപത്തിയെട്ടുപേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. 

അന്ന് ആ വെടിവെയ്പ്പ് അനിവാര്യമായിരുന്നു എന്നും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ അതിലുമധികം ആളുകളെ കൊല്ലേണ്ടി വന്നിരുന്നെങ്കില്‍ പോലീസ് അങ്ങനെ തനിനെ ചെയ്‌തേനെയെന്നും മുലായം പറഞ്ഞു. എഴുപത്തിയൊമ്പതാം ജന്മദിനത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍. 

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അവകാശപ്പെട്ടിരുന്നത് 58 പേര്‍ കൊല്ലപ്പെട്ടെന്നാണ്. അത് ശരിയല്ലെന്ന് അദ്ദേഹത്തോട് താന്‍ വാദിച്ചിട്ടുണ്ട്. വെടിവെയ്പ്പിന് ഒരു മാസത്തിന് ശേഷമാണ് യഥാര്‍ത്ഥ കണക്ക് തനിക്ക് ലഭിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവുംവിധം സഹായിച്ചിട്ടുണ്ട്. 

തങ്ങളുടെ ആരാധനാലയം പോലും സംരക്ഷിക്കപ്പെടുന്നില്ല എന്ന് വന്നാല്‍ രാജ്യത്ത് എന്താണ് പിന്നെ അവശേഷിക്കുക എന്നാണ് ഒരുകൂട്ടം മുസ്ലീംകള്‍ തന്നോടന്ന് ചോദിച്ചത്. പിന്നെയെങ്ങനെയാണ് അവരുടെ അപേക്ഷ കേട്ടില്ലെന്ന് നടിക്കുക. അദ്ദേഹം ചോദിച്ചു. 


1990 ഒക്ടോബര്‍ 30നായിരുന്നു മുലായംസിങിന്റെ പ്രസ്താവനയ്ക്കാസ്പദമായ വെടിവെപ്പ് നടന്നത്. പിന്നീട് കല്ല്യാണ്‍ സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. 

രാമക്ഷേത്രനിര്‍മ്മാണ ആവശ്യവുമായി എല്‍.കെ.അദ്വാനി നടത്തിയ രഥയാത്രയുടെ സമാപനത്തിനാണ് വിശ്വഹിന്ദുപരിഷത്തിന്റെയും ആര്‍എസ്എസിന്റെയും ആഹ്വാനപ്രകാരം കര്‍സേവകര്‍ അയോധ്യയിലെത്തിയത്. എന്നാല്‍, ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടേക്കും എന്ന സാധ്യത മുന്നില്‍ക്കണ്ട് കനത്ത സുരക്ഷാ സംവിധാനങ്ങളേര്‍പ്പെടുത്തിയ മുലായം സര്‍ക്കാര്‍ കര്‍സേവകരെ അയോധ്യയിലേക്ക്  പ്രവേശിക്കുന്നത് തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് അക്രമാസക്തമായ ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കാന്‍ മുലായം സിങ് ഉത്തരവിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com