ജഡ്ജിയുടെ മരണം : തനിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്റെ വിവരം ശേഖരിക്കാന്‍ അമിത് ഷായുടെ നിര്‍ദേശം 

ദ കാരവന്റെ റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെയാണ്  അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകന്റെ വിവരം ശേഖരിക്കാന്‍ നിര്‍ദേശിച്ചത്
ജഡ്ജിയുടെ മരണം : തനിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്റെ വിവരം ശേഖരിക്കാന്‍ അമിത് ഷായുടെ നിര്‍ദേശം 

മുംബൈ : എതിരാളികളെ നിശബ്ദരാക്കുക എന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നടപടി രാജ്യമെമ്പാടും വ്യാപിക്കാന്‍ ഒരുങ്ങുന്നു. അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട പ്രത്യേക കോടതി ജഡ്ജി ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയ്ക്ക് അനുകൂല വിധിയ്ക്കായി 100 കോടി കോഴ വാഗ്ദാനം ചെയ്തിരുന്നതായി കഴിഞ്ഞ ദിവസം ദ കാരവന്‍ എന്ന മാസിക പുറത്തുകൊണ്ടുവന്നിരുന്നു. ജഡ്ജി ബ്രിജ് ഗോപാലിന്റെ സഹോദരിയുടെ വെളിപ്പെടുത്തലാണ് നിരഞ്ജന്‍ തക്ലെ എന്ന മാധ്യമപ്രവര്‍ത്തകന്‍ പുറത്തുവിട്ടത്. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിതാ ഷായാണ് 100 കോടി കോഴ വാഗ്ദാനം ചെയ്തതെന്ന് സഹോദരന്‍ പറഞ്ഞിരുന്നതായാണ് ബ്രിജ് ഗോപാലിന്റെ സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തിയത്. 

ദ കാരവന്റെ റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനോട്, വിവരം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ വിവരം ശേഖരിക്കാന്‍ നിര്‍ദേശിച്ചത്. മാധ്യമപ്രവര്‍ത്തകന്റെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍, സ്വദേശം, അടക്കം എല്ലാ വിവരങ്ങളും ശേഖരിക്കാനാണ് നിര്‍ദേശം. ഈ വിവരങ്ങളുമായി ഉടന്‍ തന്നെ നേരില്‍ കാണാനും അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക സുജാത ആനന്ദനാണ് ഇക്കാര്യം ട്വീറ്റിലൂടെ പുറത്തുവിട്ടത്. 

അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ കേസില്‍ സിബിഐ പ്രത്യേക കോടതി ജഡ്ജിയായ ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയാണ് വാദം കേട്ടിരുന്നത്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരിലെ വിഐപി ഗസ്റ്റ്ഹൗസില്‍ വെച്ച് ബ്രിജ് ഗോപാല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന അമിത് ഷായോട് ഡിസംബര്‍ 15 ന് ഹാജരാകണമെന്ന് ജഡ്ജി ബ്രിജ് ഗോപാല്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഗടേഗാവിലെ കുടുംബവീട്ടില്‍ ദീപാവലി ആഘോഷത്തിന് ഒത്തുചേര്‍ന്നപ്പോഴാണ് ബ്രിജ് ഗോപാല്‍ തനിക്ക് കോഴ വാഗ്ദാനം ഉള്ളകാര്യം വെളിപ്പെടുത്തിയതെന്ന് സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തുന്നു. പലപ്പോഴും രാത്രി വൈകി ജസ്റ്റിസ് മോഹിത് ഷാ, ലോയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. 2014 ഡിസംബര്‍ 30 ന് അകം വിധി പുറപ്പെടുവിക്കണമെന്നും, അത് പോസിറ്റീവ് ആയിരിക്കണമെന്നും ബ്രിജ് ഗോപാലിന് മേല്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തി. അനുകൂല വിധിയ്ക്കായി മുംബൈയില്‍ എത്ര സ്ഥലവും എത്ര പണവും നല്‍കാമെന്ന് വാഗ്ദാനം  ഉള്ളതായി മകന്‍ പറഞ്ഞിട്ടുണ്ടെന്ന് ബ്രിജ് ഗോപാലിന്റെ പിതാവ് ഹര്‍കിഷന്‍ ലോയും വ്യക്തമാക്കിയിരുന്നു. 

ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചതും, ബന്ധുക്കളെ അറിയിക്കാതെ പോസ്റ്റ് മോര്‍ട്ടം നടത്തിയതും, മൃതദേഹത്തെ ആരും അനുഗമിക്കാതിരുന്നതും സംശയകരമാണെന്ന് ബ്രിജ് ഗോപാലിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ബ്രിജ് ഗോപാലിന്റെ മരണസമയം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. മരണം ഹൃദസ്തംഭനം മൂലമാണെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ഹൃദയസംബന്ധമായ ഒരു അസുഖവും ബ്രിജ് ഗോപാലിന് ഉണ്ടായിരുന്നില്ല. ഹൃദയസ്തംഭനം മൂലമാണ് മരണമെങ്കില്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ എങ്ങനെ രക്തത്തില്‍ മുങ്ങി. മരണം സ്വാഭാവികമെങ്കില്‍ ബ്രിജ് ഗോപാലിന്റെ മൊബൈല്‍ ഫോണിലെ ഡാറ്റകള്‍ എല്ലാം എന്തിന് ഡിലീറ്റ് ചെയ്തു തുടങ്ങിയ സംശയങ്ങളും കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നു. 

ബ്രിജ് ഗോപാലിന്റെ മരണത്തില്‍ ഉന്നത തല അന്വേഷണം വേണമെന്നും അദ്ദേഹത്തിന്‍രെ പിതാര് ഹര്‍കിഷന്‍ ലോയും സഹോദരി അനുരാധ് ബിയാനിയും ആവശ്യപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ സൊഹാരാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസും, ജഡ്ജി ബ്രിജ് ഗോപാലിന്റെ ദുരൂഹ മരണവും വീണ്ടും ഉയര്‍ന്നുവന്നത് അമിത് ഷായ്ക്കും ബിജെപിയ്ക്കും തിരിച്ചടിയായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com