തട്ടമിടുന്നവര്‍ മദ്രസയില്‍ പോയാല്‍ മതി; ഉത്തര്‍ പ്രദേശ് സ്‌കൂളില്‍ തട്ടത്തിന് നിരോധനം

സ്‌കൂളിലെ ഡ്രെസ് കോഡ് പാലിക്കണമെന്നും അല്ലെങ്കില്‍ കുട്ടികളെ മുസ്‌ലിം സ്‌കൂളുകളില്‍ ചേര്‍ക്കണമെന്നും അധികൃതര്‍ രക്ഷകര്‍ത്താക്കള്‍ക്ക് നോട്ടീസ് അയച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബരബാങ്കിയില്‍ ആനന്ദ് ഭവന്‍ സ്‌കൂളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ തട്ടമിടുന്നത് നിരോധിച്ചു. കുട്ടികള്‍ക്ക് തട്ടമിടണമെന്നുണ്ടെങ്കില്‍ മദ്രസകളില്‍ ചേര്‍ത്തു പഠിപ്പിക്കാനാണ് ഇത് ചോദ്യം ചെയ്ത രക്ഷകര്‍ത്താക്കളോട് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. 

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയോട് അടുത്ത ദിവസം മുതല്‍ തട്ടമിട്ടു വന്നാല്‍ സ്‌കൂളില്‍ പഠിപ്പിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പെണ്‍കുട്ടി തട്ടം മാറ്റാന്‍ തയ്യാറായില്ല, തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ബലമായി തട്ടം അഴിപ്പിച്ചു. 

സ്‌കൂളിലെ ഡ്രെസ് കോഡ് പാലിക്കണമെന്നും അല്ലെങ്കില്‍ കുട്ടികളെ മുസ്‌ലിം സ്‌കൂളുകളില്‍ ചേര്‍ക്കണമെന്നും അധികൃതര്‍ രക്ഷകര്‍ത്താക്കള്‍ക്ക് നോട്ടീസ് അയച്ചു. മുമ്പ് തട്ടമിടാനുള്ള അമുമതി പിതാവ് വാങ്ങിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പ്രിന്‍സിപ്പല്‍ അനുമതി റദ്ദാക്കിയെന്നും പെണ്‍കുട്ടി പറയുന്നു. സിഖുകാര്‍ക്ക് തലപ്പാവ് ധരിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും മുസ്‌ലിം കുട്ടികള്‍ തട്ടമിടുന്നതാണ് പ്രശ്‌നമെന്നും കുട്ടിയുടെ പിതാവ് പറയുന്നു. 

സ്‌കൂള്‍ അധികാരികളുടെ നടപടി ചൂണ്ടിക്കാട്ടി ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു. സ്‌കൂളിന്റെ നടപടി പിന്‍വലിപ്പിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിക്കും മാനവ വിഭവ ശേഷി വുപ്പ് മന്ത്രിക്കും കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്‌കൂളിന്റെ നിയമത്തിനോട് എതിര്‍പ്പുള്ള എല്ലാവര്‍ക്കും കുട്ടികളെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റമെന്നും നിയമാവലിയില്‍ പറയുന്നതിനനുസരിച്ചേ സ്‌കൂള്‍ പ്രവര്‍ത്തികയുള്ളുവെന്നുമായിരുന്നു പ്രിന്‍സിപ്പല്‍ അര്‍ച്ചന തോമസിന്റെ പ്രതികരണം എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com