നിരക്ക് വര്‍ധിപ്പിച്ചു; ഡല്‍ഹി മെട്രോയെ യാത്രക്കാര്‍ കൈവിട്ടു

യാത്രക്കൂലി അമ്പത് ശതമാനം വരെ വര്‍ധിപ്പിച്ചത് ഡല്‍ഹി മെട്രോയ്ക്ക് വിനയാകുന്നു
നിരക്ക് വര്‍ധിപ്പിച്ചു; ഡല്‍ഹി മെട്രോയെ യാത്രക്കാര്‍ കൈവിട്ടു

ന്യൂഡല്‍ഹി : യാത്രക്കൂലി അമ്പത് ശതമാനം വരെ വര്‍ധിപ്പിച്ചത് ഡല്‍ഹി മെട്രോയ്ക്ക് വിനയാകുന്നു. പ്രതിദിനം മൂന്നുലക്ഷം വരെ യാത്രക്കാരെ ഡല്‍ഹി മെട്രോയ്്ക്ക് നഷ്ടപ്പെട്ടതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.കഴിഞ്ഞ മാസമാണ് ഡല്‍ഹി മെട്രോയില്‍ യാത്രക്കൂലി വര്‍ധിപ്പിച്ചത്. 20 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെയുളള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

സെപ്റ്റംബറില്‍ 27.4 ലക്ഷം യാത്രക്കാരാണ് പ്രതിദിനം ഡല്‍ഹി മെട്രോയെ ആശ്രയിച്ചിരുന്നത്. ഇത് യാത്രക്കൂലി വര്‍ധിപ്പിച്ച ഒക്ടോബറില്‍ 24.2 ലക്ഷം യാത്രക്കാരായി കുറഞ്ഞതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഫലത്തില്‍ പ്രതിദിനം മൂന്നുലക്ഷത്തിന്റെ കുറവാണ് സംഭവിച്ചത്. യാത്രക്കാരുടെ എണ്ണത്തില്‍ പ്രതിദിനം 11 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്രസര്‍ക്കാരും തമ്മിലുളള പോര് മുറുകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച്  മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് നിരക്കില്‍ 100 ശതമാനത്തിന്റെ വരെ വര്‍ധന വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒക്ടോബറില്‍ നിശ്ചിത ദൂരം വരെയുളള ഓരോ സ്ലാബിലും ടിക്കറ്റ് നിരക്കില്‍ 10 രൂപ വരെ വര്‍ധിപ്പിച്ചത്. 

നേരത്തെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതിന് എതിരെ കെജ്രിവാള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ കെജ്രിവാളിന്റെ ആരോപണങ്ങള്‍ കേന്ദ്രം തളളുകയായിരുന്നു. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായിരുക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് പ്രതികൂലമാകും എന്ന നിലയില്‍ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. നിരക്ക് വര്‍ധന ബജറ്റ് ചോര്‍ത്തുമെന്ന കണക്കുകൂട്ടലില്‍ പൊതുഗതാഗതം സംവിധാനം ജനങ്ങള്‍ ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുകളാണ് ഉയര്‍ന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങളെ ശരിവെയ്ക്കുന്നതാണ് വിവരാവകാശ രേഖ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com