അക്രമഭീഷണി ജനാധിപത്യത്തിന് ചേര്‍ന്നതല്ല; പത്മാവതി വിവാദത്തില്‍ സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി 

പത്മാവതി വിവാദത്തില്‍ സംഘപരിവാര്‍ സംഘടനകളെ പരോക്ഷമായി വിമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
അക്രമഭീഷണി ജനാധിപത്യത്തിന് ചേര്‍ന്നതല്ല; പത്മാവതി വിവാദത്തില്‍ സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി 

ന്യൂഡല്‍ഹി : പത്മാവതി വിവാദത്തില്‍ സംഘപരിവാര്‍ സംഘടനകളെ പരോക്ഷമായി വിമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അക്രമഭീഷണിയും , ശാരീരികമായി കൈകാര്യം ചെയ്യുന്നതിന് ഇനാം പ്രഖ്യാപിക്കുന്നതും ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. ചരിത്രത്തെ വളച്ചൊടിച്ച് എന്ന് ആരോപിച്ച് പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ്‌ലീല ബന്‍സാലിയെയും ചിത്രത്തിലെ നടി ദീപിക പദുക്കോണിനെയും  രജപുത്ര കര്‍ണി സേന അടക്കമുളളവ ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് ആഹ്വാനം ചെയ്ത് രാജ്യാമൊട്ടാകെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ നിലപാടുകളെ എതിര്‍ത്ത് കൊണ്ട് വെങ്കയ്യ നായിഡു രംഗത്തുവന്നത്.

രാജ്യത്തെ നിയമവാഴ്ചയെ അസ്ഥിരപ്പെടുത്തുന്ന നടപടികളെ എതിര്‍ക്കണമെന്ന് വെങ്കയ്യ നായിഡു മുന്നറിയിപ്പ് നല്‍കി.  തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച്്  ചില സിനിമകള്‍ക്ക് എതിരെ പ്രതിഷേധവുമായി ചിലര്‍ കൂട്ടത്തോടെ രംഗത്തുവരുന്നത് ഒരു പുതിയ പ്രവണതയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ചിലരെ ശാരീരികമായി ഉപദ്രവിക്കുന്നതിന് ഇനാം പ്രഖ്യാപിക്കുന്ന തലത്തിലേക്ക് വരെ കാര്യങ്ങള്‍ വളര്‍ന്നു. ഇവര്‍ക്ക് കോടികള്‍ ഇനാം  പ്രഖ്യാപിക്കാന്‍ പണം എവിടെ എന്ന് വെങ്കയ്യാ നായിഡു ചോദിച്ചു.

ജനാധിപത്യരീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതിന് അതിന്റെതായ രീതികളുണ്ട്. എന്നാല്‍ നിയമം കൈയില്‍ എടുക്കുന്നത് അനുവദിക്കാനാവില്ലെന്ന് വെങ്കയ്യ നായിഡു ഓര്‍മ്മിപ്പിച്ചു.ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച സാഹിത്യോല്‍സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com