അയോധ്യയെ ചൊല്ലി തര്‍ക്കം മൂക്കുന്നു; വിഎച്ച്പിയുടെ പരിപാടി ബഹിഷ്‌ക്കരിച്ച് ശ്രീ ശ്രീ രവിശങ്കര്‍

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ വിമര്‍ശനത്തിന് പിന്നാലെ വിശ്വഹിന്ദുപരിഷത്തിന്റെ പരിപാടി ബഹിഷ്‌കരിച്ച് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍
അയോധ്യയെ ചൊല്ലി തര്‍ക്കം മൂക്കുന്നു; വിഎച്ച്പിയുടെ പരിപാടി ബഹിഷ്‌ക്കരിച്ച് ശ്രീ ശ്രീ രവിശങ്കര്‍

ഉഡുപ്പി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ വിമര്‍ശനത്തിന് പിന്നാലെ വിശ്വഹിന്ദുപരിഷത്തിന്റെ പരിപാടി ബഹിഷ്‌കരിച്ച് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. അയോധ്യ രാമജന്മഭൂമി ബാബ്‌റി മസ്ജിദ് തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമം നടത്തുന്ന രവിശങ്കറിനെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി നടക്കുന്ന ധര്‍മ്മ സന്‍സദില്‍ പങ്കെടുക്കുന്നതിന് ക്ഷണിച്ചിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, ഗോഹത്യ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് വിശ്വഹിന്ദുപരിഷത്ത് ശ്രീ ശ്രീ രവിശങ്കറിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ അയോധ്യയിലെ തര്‍ക്ക പ്രദേശത്ത് രാമക്ഷേത്രം തന്നെ പണിയുമെന്ന ഉറച്ച നിലപാട് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് മോഹന്‍ ഭഗവത് രവിശങ്കറിനെ വിമര്‍ശിച്ച് രംഗത്തുവന്നത്. ഇതിലുളള പ്രതിഷേധ സൂചകമായാണ് വിശ്വഹിന്ദുപരിഷത്തിന്റെ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ രവിശങ്കര്‍ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

വെളളിയാഴ്ച ഉഡുപ്പിയില്‍ നടക്കുന്ന ധര്‍മ്മ സന്‍സദ് വേദിയില്‍ വെച്ച് തന്നെയാണ് മോഹന്‍ ഭഗവത് ശ്രീ ശ്രീ രവിശങ്കറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. പേരെടുത്ത് പറയാതെയായിരുന്നു മോഹന്‍ഭഗവതിന്റെ വിമര്‍ശനം. ഒരു പേരുകേട്ട ആളുണ്ടല്ലോ, മീഡിയയിലുടെയും മറ്റും എല്ലാവരും അറിയുന്നത് എന്ന നിലയില്‍ രവിശങ്കറിനെ അഭിസംബോധന ചെയ്തായിരുന്നു മോഹന്‍ ഭഗവതിന്റെ കുറ്റപ്പെടുത്തല്‍. രാമജന്മഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ തന്നെ വന്നുകാണുകയുണ്ടായി. എന്നാല്‍ ഇത് നമ്മുടെ ജോലിയല്ലെന്ന കാരണം ചൂണ്ടികാണിച്ച് താന്‍ ഈ ആവശ്യം നിരസിച്ചു. തുടര്‍ന്ന് താന്‍ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കാന്‍ രവിശങ്കര്‍ തയ്യാറായില്ലെന്നും മോഹന്‍ ഭഗവത് ആരോപിച്ചു. പകരം താനും കൂടി പങ്കെടുത്ത പരിപാടിയില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കാനാണ് രവിശങ്കര്‍ ശ്രമിച്ചത്. ഇത്തരം കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ ധര്‍മ്മ സന്‍സദ് പോലുളള ഉത്തരവാദിത്തപ്പെട്ട പ്രസ്ഥാനങ്ങള്‍ ഉണ്ടെന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ടായിരുന്നു മോഹന്‍ ഭഗവതിന്റെ വിമര്‍ശനം.

അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രം മതിയെന്നും മറ്റൊരു കെട്ടിടവും അവിടെ നിര്‍മ്മിക്കാന്‍ പാടില്ലെന്നുമായിരുന്നു മോഹന്‍ ഭഗവതിന്റെ പ്രസ്താവന. മന്ദിറിന് മുകളില്‍ കാവിക്കൊടി പാറുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com