ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാപനത്തിന് വഴിവിട്ട് സര്‍ക്കാര്‍ സഹായം ; ഗഡ്കരിയും സുരേഷ് പ്രഭുവും പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ് 

ഗ്രീന്‍ എനര്‍ജി എന്ന സ്ഥാപനത്തില്‍ കേന്ദ്രമന്ത്രിമാരായ നിധിന്‍ ഗഡ്കരിയ്ക്കും സുരേഷ് പ്രഭുവിനും പങ്കാളിത്തമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്
ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാപനത്തിന് വഴിവിട്ട് സര്‍ക്കാര്‍ സഹായം ; ഗഡ്കരിയും സുരേഷ് പ്രഭുവും പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെട്ട ഒരു അഴിമതി കൂടി പുറത്ത്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം വഴിവിട്ട് സര്‍ക്കാര്‍ സഹായം കൈപ്പറ്റിയതായാണ് ആരോപണം. ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറി വൈഭവ് ഡാന്‍ഗേയ്‌ക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ശേഷം ഇദ്ദേഹം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഗ്രീന്‍ എനര്‍ജി എന്ന സ്ഥാപനം രൂപീകരിക്കുകയും കേന്ദ്ര സര്‍ക്കാരില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വഴിവിട്ട് ധനസഹായം സംഘടിപ്പിച്ചു എന്നുമാണ് ആരോപണം. 

ഗ്രീന്‍ എനര്‍ജി എന്ന സ്ഥാപനത്തില്‍ കേന്ദ്രമന്ത്രിമാരായ നിധിന്‍ ഗഡ്കരിയ്ക്കും സുരേഷ് പ്രഭുവിനും പങ്കാളിത്തമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. കമ്പനി രജിസ്ട്രാറുടെ രേഖകള്‍ പ്രകാരം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഗ്രീന്‍ എനര്‍ജിയിലെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. മന്ത്രിമാരുടെ ഭിന്ന താല്‍പ്പര്യങ്ങള്‍ ഇതോടെ വ്യക്തമായെന്നും, മന്ത്രിമാരുടെ പെരുമാറ്റ ചട്ടം ലംഘിച്ച ഇരുവരെയും പ്രധാനമന്ത്രി മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. നാലുവര്‍ഷം മുമ്പ് സീറോ ബാലന്‍സില്‍ തുടങ്ങിയ കമ്പനിയുടെ ഇപ്പോഴത്തെ ആസ്തി 1.33 കോടിയാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

2014 ഓഗസ്റ്റ് എട്ടിന് ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സ്ഥാനമേറ്റശേഷം ഒക്‌ടോബര്‍ ഒമ്പതിനാണ് ഡാന്‍ഗേയ്ക്ക് 50 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനത്തിന്റെ രൂപീകരണം. ബാക്കി ഓഹരികള്‍ ഇദ്ദേഹത്തിന്റെ സുഹൃത്തായ മഹാരാഷ്ട്ര സ്വദേശി മോത്തിരാം കിസോനാരയുടെ പേരിലാണ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായാണ് ഇത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒക്‌ടോബര്‍ 27,28 തീയതികളില്‍ കേന്ദ്ര റയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള ഐആര്‍ഇഇ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം ഐഎഫ്ജിഇയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. കൂടാതെ പല സര്‍ക്കാര്‍ പരിപാടികളും, പ്രധാനമായും ഗഡ്കരി കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് ഡാന്‍ഗേയുടെ സ്ഥാപനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു ധനസഹായവും സ്ഥാപനത്തിന് ലഭിച്ചിട്ടില്ലെന്നാണ് ഡാന്‍ഗേയുടെ പ്രതികരണം. അതേസമയം സര്‍ക്കാരുമായി ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചതായി സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് ഗ്രാന്റായി ലഭിച്ച തുകയെ കുറിച്ചും കണക്കുകളിലുണ്ട്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് സ്ഥാപനത്തിന്റെ രക്ഷാധികാരിയെന്നാണ് വെബ്‌സൈറ്റിലുള്ളത്. മന്ത്രി സുരേഷ് പ്രഭു, മുന്‍ കേന്ദ്രമന്ത്രി എംകെ പാട്ടീല്‍ എന്നിവര്‍ യഥാക്രമം സ്ഥാപക ചെയര്‍മാനും വൈസ്‌ചെയര്‍മാനുമാണെന്നും സൈറ്റിലുണ്ട്. ഇവരുടെയും പ്രതികരണം തേടിയെങ്കിലും ലഭിച്ചില്ലെന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച ഹിന്ദു ദിനപത്രം വെളിപ്പെടുത്തിയിട്ടുണ്ട്. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ മുഖ്യനടത്തിപ്പുകാരനും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ അടക്കമുള്ളവര്‍ ഡയറക്ടര്‍മാരുമായ സംഘടനയ്ക്ക് വിദേശ ആയുധ, വിമാന കമ്പനികളില്‍ നിന്ന് ഫണ്ട് ലഭിച്ചെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ അനധികൃത സമ്പാദ്യം സംബന്ധിച്ച റിപ്പോര്‍ട്ടും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com