ഭാര്യയ്ക്ക് സീറ്റില്ല, മരുമകള്‍ക്ക് സീറ്റ്;  നേതൃത്വത്തിന് എതിരെ പൊട്ടിത്തെറിച്ച് ബിജെപി എം പി 

തന്റെ താല്പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥിയെ മാറ്റി നിശ്ചയിച്ചില്ലായെങ്കില്‍ മണ്ഡലത്തില്‍ ജയിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുകയില്ലെന്ന് പ്രഭാത് സിങ് ചൗഹാന്‍ എം പി 
ഭാര്യയ്ക്ക് സീറ്റില്ല, മരുമകള്‍ക്ക് സീറ്റ്;  നേതൃത്വത്തിന് എതിരെ പൊട്ടിത്തെറിച്ച് ബിജെപി എം പി 

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് പകരം മരുമകള്‍ക്ക് സീറ്റ് നല്‍കിയതില്‍ ബിജെപി എംപിയ്ക്ക് അസംതൃപ്തി. തന്റെ താല്പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥിയെ മാറ്റി നിശ്ചയിച്ചില്ലായെങ്കില്‍ മണ്ഡലത്തില്‍ ജയിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുകയില്ലെന്ന് പ്രഭാത് സിങ് ചൗഹാന്‍ എം പി ബിജെപിയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്് ഷായ്ക്ക് എം പി കത്തയച്ചു.

കാലോള്‍ അസംബ്ലി മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചോദ്യം ചെയ്തതാണ് പ്രഭാത് സിങ് ചൗഹാന്‍ രംഗത്തുവന്നിരിക്കുന്നത്. നിലവിലെ സിറ്റിങ് എംഎല്‍എയായ അരവിന്ദ് സിങ് ചൗഹാനെ ഒഴിവാക്കിയാണ് ഇവിടെ പുതിയ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പ്രഭാത് സിങ് ചൗഹാന്റെ മരുമകള്‍ സുമന്‍ ചൗഹാനാണ് ഇടംപിടിച്ചിരിക്കുന്നത്. ഇതാണ് പ്രഭാത് സിങ് ചൗഹാനെ ചൊടിപ്പിച്ചത്. സുമന്‍ ചൗഹാന് പകരം തന്റെ ഭാര്യയായ രംഗേശ്വരിക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കണമെന്ന പരോക്ഷ ആവശ്യമാണ് എം പി  ഉന്നയിച്ചത്. അതേസമയം അമിത് ഷായ്ക്ക് അയച്ച കത്തില്‍ സുമന്‍  ചൗഹാനെ മാറ്റി പ്രാദേശിക സ്ഥാനാര്‍ത്ഥിക്ക് സീറ്റ് നല്‍കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

അനധികൃതമായി മദ്യം കടത്തിയതിന് തന്റെ മകനായ പ്രവീണിന്റെ പേരില്‍ നിരവധി കേസുകളുണ്ട്. മകനും കാലോള്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ മരുമകള്‍ സുമന്‍ ചൗഹാനും ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ഇത്   മണ്ഡലത്തിലെ ബിജെപിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. സുമന്‍ ചൗഹാന്‍ വംശഹത്യ നടന്ന ഗോധ്‌ര നിവാസിയാണ്. ഇതും തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് എം പി ചൂണ്ടികാണിക്കുന്നു. 1992 ല്‍ ബിജെപിയില്‍ ചേര്‍ന്ന പ്രഭാത് സിങ് ചൗഹാന്‍ പാര്‍ട്ടിയുടെ രജപുത്ര മുഖമാണ്. 

കാലോള്‍ അസംബ്ലി മണ്ഡലത്തില്‍ ആദിവാസിവിഭാഗത്തിന് നല്ല സ്വാധീനമുണ്ട്. 1.10 ലക്ഷം വോട്ടാണ് ആദിവാസി വിഭാഗങ്ങള്‍ക്കുളളത്. തന്റെ ഭാര്യ രംഗേശ്വരി ആദിവാസി വിഭാഗത്തില്‍പ്പെട്ടതാണ്. ഇത് രംഗ്വേശ്വരിയുടെ വിജയ സാധ്യത ഉയര്‍ത്തുന്നതായി അമിത് ഷായ്ക്ക് അയച്ച കത്തില്‍ പ്രഭാത് സിങ് ചൗഹാന്‍ ചൂണ്ടികാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com