ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണം; പ്രകോപന പ്രസംഗവുമായി ഹിന്ദു സന്യാസി 

ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നു എന്ന് ചൂണ്ടികാണിച്ചാണ് സ്വാമി ഹിന്ദുക്കളോട് ആയുധങ്ങള്‍ എടുക്കാന്‍ ആഹ്വാനം ചെയ്തത്.
ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണം; പ്രകോപന പ്രസംഗവുമായി ഹിന്ദു സന്യാസി 

ഉഡുപ്പി: ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ ആയുധം എടുക്കണമെന്ന് ഹിന്ദു സന്യാസിയുടെ പ്രകോപന പ്രസംഗം. മഹ്‌വാചാര്യ ആശ്രമത്തിലെ സ്വാമി നരേന്ദ്രനാഥാണ് വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നു എന്ന് ചൂണ്ടികാണിച്ചാണ് സ്വാമി ഹിന്ദുക്കളോട് ആയുധങ്ങള്‍ എടുക്കാന്‍ ആഹ്വാനം ചെയ്തത്.

ലക്ഷങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ എന്ത് പ്രസക്തിയാണുളളത് എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടായിരുന്നു സ്വാമിയുടെ പ്രകോപന പ്രസംഗം. മൊബൈല്‍ ഫോണുകള്‍ക്ക് പകരം ഹിന്ദുക്കള്‍ ആയുധങ്ങള്‍ എടുക്കാന്‍ തയ്യാറാകണം. ക്ഷേത്രങ്ങള്‍, ആരാധാനാലയങ്ങള്‍, പാര്‍ലമെന്റ് എന്നിവയുടെ സംരക്ഷണത്തിന് ഓരോ ഹിന്ദുവും ആയുധം കൈവശം വെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദുസമൂഹം ഇന്ന്  വലിയ ആക്രമണ ഭീഷണി നേരിടുകയാണ്. രാജ്യത്തെ ഹിന്ദുക്ഷേത്രങ്ങളെയെല്ലാം തീവ്രവാദികള്‍ നോട്ടമിട്ടിരിക്കുകയാണ്. രാജ്യത്തെ പരമോന്നത നിയമനിര്‍മ്മാണ സഭയായ പാര്‍ലമെന്റ് പോലും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. പാര്‍ലമെന്റിനോട് പോലും ദയ കാണിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ധര്‍മ്മ സന്‍സദിലാണ് സ്വാമി വിവാദ പരാമര്‍ശം നടത്തിയത്. ഇത്തരം പ്രകോപന പ്രസംഗത്തെ എതിര്‍ത്ത് ചില മാധ്യമങ്ങള്‍ രംഗത്തുവന്നപ്പോള്‍, അക്രമം പ്രോത്സാഹിപ്പിക്കാന്‍ അല്ല ഈ നിലയില്‍ പ്രസ്താവന നടത്തിയത് എന്ന് സ്വാമി പ്രതികരിച്ചു. വരാനിരിക്കുന്ന ആപത്തിനെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക മാത്രമായിരുന്നു ഉദേശമെന്നും സ്വാമി നരേന്ദ്രനാഥ് പറഞ്ഞു. 


കഴിഞ്ഞ ദിവസം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതുവരെ ഹിന്ദുക്കള്‍ നാലുകുട്ടികള്‍ക്ക്  ജന്മം നല്‍കാന്‍ തയ്യാറാകണമെന്ന സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജിന്റെ ആഹ്വാനം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഗിരിജി മഹാരാജിന്റെ പ്രസ്താവനയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മറ്റൊരു ഹിന്ദു സന്ന്യാസി ഈ നിലയില്‍ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com