ത്രിപുരയില്‍ സിപിഎമ്മിനെ തറപറ്റിക്കുക ലക്ഷ്യം; വിശാലസഖ്യത്തിന് ഒരുങ്ങി ബിജെപി

അസാമില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം ത്രിപുരയുടെ മണ്ണിലും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ത്രിപുരയില്‍ സിപിഎമ്മിനെ തറപറ്റിക്കുക ലക്ഷ്യം; വിശാലസഖ്യത്തിന് ഒരുങ്ങി ബിജെപി

ഗുവാഹത്തി: അസാമില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം സിപിഎം ശക്തികേന്ദ്രമായ ത്രിപുരയിലും ആവര്‍ത്തിക്കാന്‍ ഒരുങ്ങി ബിജെപി. സിപിഎമ്മിനെ തളയ്ക്കാന്‍ വിശാല സഖ്യം രൂപികരിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ബിജോയ്് കുമാര്‍ രംഗ്‌വാള്‍ നേത്യത്വം നല്‍കുന്ന നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര തെരഞ്ഞെടുപ്പ് പൂര്‍വ്വ സഖ്യത്തിന് ബിജെപിയെ ക്ഷണിച്ചു. 

അടുത്തവര്‍ഷം തുടക്കത്തില്‍ ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഐഎന്‍പിടിയ്ക്ക് പുറമേ മറ്റു പ്രാദേശിക പാര്‍ട്ടികളുമായി സഹകരിച്ച് വിശാല സഖ്യത്തിന് രൂപം നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഐഎന്‍പിടി നേതാവ് ബിജോയ് കുമാര്‍ രംഗ്‌വാള്‍ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവുമായി കൂടിക്കാഴ്ച നടത്തി. സഖ്യം യാഥാര്‍ത്ഥ്യമായതിന് ശേഷം സീറ്റുവിഭജനം ഉള്‍പ്പടെയുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് രംഗ് വാള്‍ പറഞ്ഞു. സിപിഎമ്മിനെ തറപറ്റിക്കാന്‍ വിശാല സഖ്യം സംസ്ഥാനത്ത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഹിമന്ദാ ബിശ്വ ശര്‍മ്മ ത്രിപുരയിലെ പ്രാദേശിക പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തിവരുകയാണ്. അസാമില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം ത്രിപുരയുടെ മണ്ണിലും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര തുടങ്ങിയ പ്രാദേശിക കക്ഷികളുമായി ബിജെപി ചര്‍ച്ച നടത്തിവരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് നിര്‍ണായക പങ്കുളള ആദിവാസി മേഖലകളില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിനുളള പദ്ധതികളും ബിജെപിയുടെ അണിയറയില്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. 2013 ല്‍ കോണ്‍ഗ്രസ് ഐഎന്‍പിടിയുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പത്ത് സീറ്റില്‍ കോണ്‍ഗ്രസിന് തൃപ്തിപ്പെടേണ്ടി വന്നു. ഐഎന്‍പിടിയ്ക്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. ത്രിപുരയിലെ 60 അസംബ്ലി മണ്ഡലങ്ങളില്‍ 30 എണ്ണം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ഈ വിഭാഗങ്ങളുടെ പിന്തുണ ഏതു പാര്‍ട്ടിക്കും നിര്‍ണായകമാണ്.

2013ല്‍ കോണ്‍ഗ്രസ് പരീക്ഷിച്ച തന്ത്രമാണ് ബിജെപി പയറ്റാന്‍ പോകുന്നതെന്നും , കോണ്‍ഗ്രസിന് സംഭവിച്ചത് ബിജെപിയ്ക്ക് ഉണ്ടാകുമെന്നും മുതിര്‍ന്ന സിപിഎം നേതാവ് ഗൗതം ദാസ് അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com