മുസ്ലീം സമുദായത്തിന്റെ ശവസംസ്‌കാരത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഗോവയില്‍ വിലക്ക്

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിന്നുള്ള ഈ വാര്‍ത്ത ഇതിനോടകം വിവാദമായിരിക്കുകയാണ്.
മുസ്ലീം സമുദായത്തിന്റെ ശവസംസ്‌കാരത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഗോവയില്‍ വിലക്ക്

പനാജി: ഗോവയില്‍ മുസ്‌ലിംങ്ങളുടെ ശവസംസ്‌കാര ചടങ്ങുകളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. മുസ്ലീം ഭൂരിപക്ഷപ്രദേശമായ പനാജി കോര്‍പ്പറേഷനിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിന്നുള്ള ഈ വാര്‍ത്ത ഇതിനോടകം വിവാദമായിരിക്കുകയാണ്.

പള്ളിയുടെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ശല്യമാകുന്നെന്ന് കാണിച്ചാണ് നടപടിയെടുത്തിരിക്കുന്നതെന്ന് പനാജി കോര്‍പറേഷന്‍ കമ്മീഷണര്‍ അജിത് റോയ് പറഞ്ഞു. ഇത് സംബന്ധിച്ച് പനജിയിലെ സെന്റ് ഇനിസില്‍ ചുറ്റുമുള്ള പ്രദേശത്തുനിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വളരെ ഉയര്‍ ഡെസിബെലിലാണ് ശവസംസ്‌കാര ചടങ്ങുകളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതെന്നും അജിത് റോയ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ മുസ്‌ലിം മത വികാരം വ്രണപ്പെടുത്തുന്ന തീരുമാനമാണിതെന്ന് പനാജി സുന്നി ട്രസ്റ്റ് അറിയിച്ചു. അതേസമയം മരണാനന്തര ചടങ്ങിന്റെ ഭാഗമായുള്ള പ്രാര്‍ത്ഥനകള്‍ നടക്കുന്നത് ശവക്കല്ലറയില്‍ അല്ല, മറിച്ച് മസ്ജിദില്‍ ആണെന്ന് പള്ളിയുടെ വക്താവായ ബാബ്‌നി ഷെയ്ക് പറഞ്ഞു. 

'കഴിഞ്ഞ 20 വര്‍ഷമായി പിന്തുടരുന്ന ഒരു ചടങ്ങാണിത്. ഇത് തീര്‍ച്ചയായും മുസ്ലീങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തും. ഈ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് കോര്‍പറേഷന്‍ കമ്മീഷണറെ ഘരാവോ ചെയ്യേണ്ടി വരും' ബാബ്‌നി ഷെയ്ക് കൂട്ടിച്ചേര്‍ത്തു.

ഉച്ചഭാഷിണിയിലൂടെയുള്ള മുസ്‌ലിം പ്രാര്‍ഥനയെ വിമര്‍ശിച്ച് നേരത്തെ ബോളിവുഡ് ഗായകന്‍ സോനു നിഗം രംഗത്തെത്തിയിരുന്നു. മുസ്‌ലിം അല്ലെങ്കിലും അതിരാവിലെ ബാങ്ക് വിളി കേട്ടാണ് താന്‍ ഉണരുന്നതെന്നും ഇത്തരം നിര്‍ബന്ധിത മതചടങ്ങുകള്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു സോനു നിഗത്തിന്റെ ട്വീറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com