യെച്ചൂരിയെ തള്ളി പി.ബി; കോണ്‍ഗ്രസ് ബന്ധം വേണ്ട; അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയുടേത്

കേരള ഘടകവും മറ്റ് സംസ്ഥാന ഘടകങ്ങളും യെച്ചൂരിയെ എതിര്‍ത്തപ്പോള്‍ ബംഗാള്‍ ഘടകം മാത്രമാണ് യെച്ചൂരിയെ അനുകൂലിച്ചത്
യെച്ചൂരിയെ തള്ളി പി.ബി; കോണ്‍ഗ്രസ് ബന്ധം വേണ്ട; അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയുടേത്

ന്യൂഡല്‍ഹി: അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളി പോളിറ്റ് ബ്യൂറോ. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ടെന്ന് പി.ബി തീരുമാനിച്ചു.യെച്ചൂരിയുടെ രാഷ്ട്രീയ പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. ജനറല്‍ സെക്രട്ടറിയുടെ എതിര്‍പ്പോടുകൂടിയുള്ള തീരുമാനം കേന്ദ്ര കമ്മിറ്റിയ്ക്ക് മുന്നില്‍ ചര്‍ച്ചയ്ക്ക് വെയ്ക്കും. 14ാം തീയതിയാണ് കേന്ദ്ര കമ്മിറ്റി. 

സംഘവരിവാറിനെ നേരിടാന്‍ വിശാല ഇടത്,മതേതര ജനാധിപത്യ സഖ്യം വേണമെന്നും അതിന്റെ ഭാഗമായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണം എന്നുമായിരുന്നു ജനറല്‍ സെക്രട്ടറിയുടേയും ഒരു വിഭാഗത്തിന്റേയും നിലപാട്. വര്‍ഗീയതയ്‌ക്കെതിരെ കോണ്‍ഗ്രസനിനെ മാറ്റി നിര്‍ത്തിക്കൊണ്ട് പൊരുതാനാകില്ലെന്ന് യെച്ചൂരി വിഭാഗം വാദിച്ചു. 

എന്നാല്‍ പ്രകാശ് കാരാട്ട് നേതൃത്വം നല്‍കുന്ന പി.ബിയിലെ പ്രബല വിഭാഗം യെച്ചൂരിയുടെ നിലപാടിനെ എതിര്‍ക്കുകയായിയിരുന്നു. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങള്‍ മാറിയിട്ടില്ലെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നുമായിരുന്നു കാരാട്ട് പക്ഷത്തിന്റെ നിലപാട്. കേരള ഘടകവും മറ്റ് സംസ്ഥാന ഘടകങ്ങളും യെച്ചൂരിയെ എതിര്‍ത്തപ്പോള്‍ ബംഗാള്‍ ഘടകം മാത്രമാണ് യെച്ചൂരിയെ അനുകൂലിച്ചത്.കേരളം ഘടകം ശക്തമായി തന്നെ കാരാട്ട് പക്ഷത്തിനൊപ്പം നിന്നത് യെച്ചൂരിയ്ക്ക് തിരിച്ചടി.

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വ്യത്യാസമില്ല എന്ന് തോന്നിക്കഴിഞ്ഞാല്‍ കേരളത്തില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് ഇത് വലിയ സഹായമാകും എന്ന് കേരള വിഭാഗം വാദിച്ചു.

ബിജെപിയും സംഘപരിവാറുമാണ് രാജ്യത്തിന്റെയും ഇടത് പക്ഷത്തിന്റെയും പ്രഥമശത്രുവെന്നും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വീകരിച്ച ചില നിലപാടുകളില്‍ നിന്നും വ്യതിചലിക്കാന്‍ സമയമായെന്നുമുള്ള സീതാറാം യെച്ചൂരിയുടെ വാദത്തിന് പി.ബി പ്രസക്തി നല്‍കിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com