മോദിക്ക് ക്ഷേത്രം പണിയാനൊരുങ്ങി ആരാധകന്‍; നിര്‍മ്മാണ ചെലവ് പത്തുകോടി

നൂറടി ഉയരത്തില്‍ നിര്‍മ്മിക്കുന്ന മോദിയുടെ പ്രതിമ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം - ക്ഷേത്രനിര്‍മാണം 5 ഏക്കറില്‍ - നിര്‍മ്മാണ ചെലവ് പത്തുകോടി - രണ്ടുവര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കും 
മോദിക്ക് ക്ഷേത്രം പണിയാനൊരുങ്ങി ആരാധകന്‍; നിര്‍മ്മാണ ചെലവ് പത്തുകോടി

മീററ്റ്:മീററ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി മോദി ആരാധകന്‍. മോദിയുടെ അനുയായിയും ഭക്തനുമായ ജെപി സിങാണ് ക്ഷേത്രം പണിയുന്നത്. മീററ്റിലെ സര്‍ധന പ്രദേശത്ത് 5 ഏക്കറിലാണ് ക്ഷേത്രം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഒക്ടോബര്‍ 23 ന് ക്ഷേത്രനിര്‍മ്മാണത്തിനായുള്ള ഭൂമി പൂജ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ 

ജലസേചന വകുപ്പില്‍ നിന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി അടുത്തിടെ വിരമിച്ച ജെപി സിങ് ക്ഷേത്രനിര്‍മാണത്തിനായി അഞ്ചേക്കര്‍ സ്ഥലം സര്‍ധനയില്‍ വാങ്ങിയിരുന്നു. ഇവിടെ നൂറടി ഉയരത്തില്‍ മോദിയുടെ പ്രതിമ സ്ഥാപിക്കും. മോദിയുടെ പ്രതിമായിരിക്കും  ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നും
രണ്ടുവര്‍ഷം കൊണ്ട് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ജെപി സിങ് പറയുന്നു.

നരേന്ദ്രമോദിയ്ക്ക് മാതൃരാജ്യത്തോടുള്ള സ്‌നേഹം തന്നെ ആവേശം കൊള്ളിക്കുന്നു. പ്രധാനമന്ത്രി സൃഷ്ടിച്ച മോദി മാജിക്കിന്റെ  സ്മരണാര്‍ത്ഥം ഒരു ക്ഷേത്രം നിര്‍മ്മിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജെപി സിങ് പറയുന്നു.  മീററ്റ് കര്‍ണാല്‍ ദേശീയ പാതയ്ക്ക് സമീപമാണ് ക്ഷേത്രത്തിനുള്ള സ്ഥലം നിശ്ചയിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. 10 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് പൊതുജനങ്ങളില്‍ നിന്ന് സംഭാവനയായി സ്വീകരിക്കുമെന്നും ജെപി സിങ് വ്യക്തമാക്കി

രണ്ട് വര്‍ഷം മുന്‍പ് മോദിയുടെ പേരില്‍ ഗുജറാത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചത് വിവാദമായിരുന്നു. തന്റെ പേരില്‍ ക്ഷേത്രം നിര്‍മിച്ചതു ഞെട്ടിച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഗുജറാത്തിലെ രാജ്‌കോട്ടിലായിരുന്നു ക്ഷേത്രം നിര്‍മിച്ചത്. പിന്നീട് ജില്ലാ ഭരണകൂടം ക്ഷേത്രം പൊളിച്ചു നീക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com