മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ച് പൊലീസ്

തിക്കംഗറിലെ ബുന്ദേല്‍ക്കണ്ട് കളക്ട്രേറ്റിന് മുന്നില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ച കര്‍ഷകരെയാണ് അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ വെച്ച് വിവസ്ത്രരാക്കി മര്‍ദിച്ചത്
മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ച് പൊലീസ്

ബുന്ദേല്‍ക്കണ്ട്: മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ച് പൊലീസ്. തിക്കംഗറിലെ ബുന്ദേല്‍ക്കണ്ട് കളക്ട്രേറ്റിന് മുന്നില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ച കര്‍ഷകരെയാണ് അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ വെച്ച് വിവസ്ത്രരാക്കി മര്‍ദിച്ചത്. 

പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്ക് നേരെ ലാത്തി ചാര്‍ജും ടിയര്‍ ഗ്യാസ്,ജലപീരങ്കി പ്രയോഗവും നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തുള്ള മര്‍ദനം. കളക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു കര്‍ഷകര്‍ കളക്ട്രേറ്റിന് മുന്നില്‍ എത്തിയത്. എന്നാല്‍ അതിന് അദ്ദേഹം തയ്യാറായില്ലെന്ന് സ്ഥലത്തെ കോണ്‍ഗ്രസ് നേതാവ് യാദവേന്ദ്ര സിങ് പറഞ്ഞു.

തുടര്‍ന്ന് കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ പൊലീസ് ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. പൊലീസ് നടപടിയില്‍ 30 ഓളം കര്‍ഷകര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.40 ഓളം കര്‍ഷകരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായി അറിഞ്ഞാണ് ഞാന്‍ അവിടെ എത്തിയത്. അവിടെ കര്‍ഷകരെ പൊലീസ് തല്ലിച്ചതക്കുന്നതാണ് കാണാനായത്. അടിവസ്ത്രം മാത്രം നല്‍കി അവരെ തറയില്‍ ഇരുത്തിയിരിക്കുകയായിരുന്നു, സിങ് പറഞ്ഞു.എന്നാല്‍ പൊലീസിന് നേരെ കല്ലെറിഞ്ഞ കര്‍ഷകരെയാണ് അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസ് സൂപ്പണ്ട് കുമാര്‍ പ്രതീകിന്റെ പ്രതികരണം. 

കര്‍ഷക വായ്പകള്‍ എഴുതി തള്ളണം എന്നാവശ്യപ്പെട്ട് വന്‍ കര്‍ഷക പ്രക്ഷോഭം നടന്ന സ്ഥലമായിരുന്നു ബുന്ദേല്‍ക്കണ്ട്. പ്രതിഷേധത്തിനിടെ അന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com