വളര്‍ച്ചാ നിരക്കു വെട്ടിക്കുറച്ചു; പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ വായ്പാ നയം

വ്യവസായ മേഖലയുടെ ആവശ്യം തള്ളി നിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍ബിഐ വായ്പാ നയം
വളര്‍ച്ചാ നിരക്കു വെട്ടിക്കുറച്ചു; പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ വായ്പാ നയം

ന്യൂഡല്‍ഹി: സാമ്പത്തിക വ്യവസ്ഥ പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന മുറവിളികള്‍ക്കിടെ റിസര്‍വ് ബാങ്ക് രാജ്യത്തിന്റെ വളര്‍ച്ചാ അനുമാന നിരക്ക് വെട്ടിക്കുറച്ചു. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം 6.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐയുടെ പുതിയ അനുമാനം. 7.3 ശതമാനം വളര്‍ച്ചയാണ് നേരത്തെ പ്രവചിച്ചിരുന്നത്. സമ്പദ് രംഗത്തെ മാന്ദ്യാവസ്ഥയുടെ പശ്ചാത്തലത്തില്‍
പലിശ നിരക്കു കുറയ്ക്കണമെന്ന വ്യവസായ മേഖലയുടെ ആവശ്യം തള്ളി നിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചു. 


റിപ്പോ നിരക്ക് ആറു ശതമാനമായി തുടരും. 5.75 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. കരുതല്‍ ധന അനുപാതം നാലു ശതമാനമായി നിലനിര്‍ത്തിയപ്പോള്‍ എസ്എല്‍ആര്‍ 50 അടിസ്ഥാന പോയിന്റ് കുറച്ച് 19.5 ശതമാനമാക്കി. വരും മാസങ്ങളില്‍ രാജ്യത്ത് പണപ്പെരുപ്പം ഉയരാന്‍ സാധ്യതയെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍.

ഈ സാമ്പത്തിക വര്‍ഷത്തിലെ ജിവിഎ വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി പുതുക്കി നിശ്ചയിക്കുന്നതായി വായ്പാ നയ അവലോകനത്തില്‍ ആര്‍ബിഐ വ്യക്തമാക്കി. സാമ്പത്തിക വര്‍ഷത്തെ മൊത്തം ഉത്പാദനത്തിന്റെയും ഇതര വരുമാനത്തിന്റെയും സൂചകമാണ് ജിവിഎ.

നോട്ടു നിരോധനത്തിന്റെയും ധൃതിയില്‍ ജിഎസ്ടി നടപ്പാക്കിയതിന്റെയും ഫലമായി സാമ്പത്തിക രംഗം പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് ആര്‍ബിഐയുടെ വായ്പാ നയ പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com