സ്റ്റേഡിയം നിറയ്ക്കാന്‍ കൊണ്ടുവന്ന കുട്ടികള്‍ക്ക് കുടിവെള്ളമില്ല, പലരും ദാഹമകറ്റിയത് ടൊയ്‌ലറ്റിലെ വെള്ളം കുടിച്ച്

ആദ്യദിവസത്തെ മത്സരം സംഘാടന പിഴവു കൊണ്ടു നിറം കെട്ടെന്നു വാര്‍ത്തകള്‍
സ്റ്റേഡിയം നിറയ്ക്കാന്‍ കൊണ്ടുവന്ന കുട്ടികള്‍ക്ക് കുടിവെള്ളമില്ല, പലരും ദാഹമകറ്റിയത് ടൊയ്‌ലറ്റിലെ വെള്ളം കുടിച്ച്

ന്യൂഡല്‍ഹി: രാജ്യം ഏറെ പ്രതീക്ഷയോടെ നോക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ആദ്യദിവസത്തെ മത്സരം സംഘാടന പിഴവു കൊണ്ടു നിറം കെട്ടെന്നു വാര്‍ത്തകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് സംഘാടകരുടെ പിഴവു വ്യക്തമായത്.

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണെങ്കിലും ഡല്‍ഹിയില്‍ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നില്ല. സ്‌കൂള്‍ കുട്ടികള്‍ക്കു സൗജന്യ ടിക്കറ്റ് നല്‍കിയാണ് സംഘാടകര്‍ ഇതിനു പരിഹാരം കണ്ടത്. പ്രധാനമന്ത്രി എത്തുമ്പോള്‍ ഗാലറികള്‍ ഒഴിഞ്ഞിരിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്. ഇരുപതിനായിരം ഫ്രീ ടിക്കറ്റുകളാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കു നല്‍കിയത്. ഗാലറിയില്‍ ഇങ്ങനെ ആളെ നിറച്ചെങ്കിലും ഈ കുട്ടികള്‍ക്ക് കുടിവെള്ളം പോലും നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടിവെള്ളത്തിനായി കുട്ടികള്‍ക്കു തിക്കിത്തിരക്കേണ്ടി വന്നുവെന്നും എന്നിട്ടും കിട്ടാതെ ചിലര്‍ ടൊയ്‌ലറ്റിലെ വെള്ളം കുടിച്ചു ദാഹം തീര്‍ക്കേണ്ട സ്ഥിയുണ്ടായെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളുകളില്‍നിന്ന് കുട്ടികളെ എത്തിക്കാന്‍ ബസുകള്‍ സംഘാടകര്‍ ഏര്‍പ്പാടു ചെയ്തിരുന്നു. നിയന്ത്രണത്തിലെ പിഴവുകള്‍ മൂലം ഡല്‍ഹിയിലെ ട്രാഫിക് ആകെ താളം തെറ്റിയ അവസ്ഥയില്‍ ആയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മത്സരത്തിനു മുമ്പായി പ്രധാനമന്ത്രി ഇന്ത്യയുടെ മുന്‍ താരങ്ങളെ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. കൃത്യമായ സംഘാടനം ഇല്ലാതിരുന്നത് ഇതും ആശയക്കുഴപ്പത്തിലാക്കി. സുനില്‍ ഛേത്രി, ബൈചുങ് ബൂട്ടിയ, പികെ ബാനര്‍ജി തുടങ്ങിയ താരങ്ങളെയാണ് ആദരിച്ചത്. മുന്‍ ഗോള്‍കീപ്പര്‍ ഭാസ്‌കര്‍ ഗാംഗുലി പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനു നല്‍കാന്‍ മെമന്റോ ഉണ്ടായിരുന്നില്ല.

മോദി ബൈചുങ് ബൂട്ടിയയെ ആദരിക്കുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com