രാഹുലിന്റേത് ഇറ്റാലിയന്‍ കണ്ണട; ഇന്ത്യയുടെ വികസനം കാണാനാവില്ലെന്ന് അമിത് ഷാ

അടുത്ത തെരഞ്ഞെടുപ്പോടെ അമേതിയില്‍ താമര വിരിയുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
രാഹുലിന്റേത് ഇറ്റാലിയന്‍ കണ്ണട; ഇന്ത്യയുടെ വികസനം കാണാനാവില്ലെന്ന് അമിത് ഷാ

അമേതി: ഇറ്റാലിയന്‍ കണ്ണട വച്ചിരിക്കുന്നതു കൊണ്ടാണ് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ വികസനം കാണാനാവാത്തതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അറുപതു വര്‍ഷക്കാലം ഒരു കുടുംബത്തെ മാത്രം വിശ്വസിച്ചവര്‍ക്ക് ബിജെപിക്കും നരേന്ദ്ര മോദിക്കും ഒരവസരം നല്‍കിയതില്‍ ഖേദിക്കേണ്ടി വരില്ലെന്ന് അമിത് ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേതിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍.

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് അമിത് ഷായും മറ്റു ബിജെപി നേതാക്കളും ഉന്നയിച്ചത്. മണ്ഡലത്തില്‍ പരാജയപ്പെട്ട സ്മൃതി ഇറാനി പോലും അമേതിയില്‍ വരുന്നു, എന്നാല്‍ സിറ്റിങ് എംപിയായ രാഹുല്‍ ഇങ്ങോട്ടു തിരിഞ്ഞുനോക്കുന്നില്ലെന്ന് അമിത് ഷാ ആരോപിച്ചു. അമേതി കലക്ടറുടെ ഓഫിസില്‍ ഒരു തവണ പോലും രാഹുല്‍ വന്നിട്ടില്ല. മണ്ഡലത്തില്‍ ഒരു ടിബി ആശുപത്രി പോലുമില്ലാത്തത് എന്തുകൊണ്ടെന്ന് ബിജെപി അധ്യക്ഷന്‍ ചോദിച്ചു. 

അറുപതു വര്‍ഷം രാജ്യം ഭരിച്ചത് രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയാണ്. അദ്ദേഹം ഇപ്പോള്‍ മൂന്നു വര്‍ഷമായി ഭരണം നടത്തുന്ന മോദി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് ചോദിക്കുകയാണ്. രാജ്യത്ത് രണ്ടു മാതൃകകളാണുള്ളത്. ഒന്ന് നെഹ്‌റു ഗാന്ധി മാതൃകയും മറ്റൊന്ന് ഗുജറാത്ത് മാതൃകയും. ഗുജറാത്തിന്റെ വികസനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കാര്‍ഡ് നല്‍കേണ്ടത് ബിജെപിയല്ല, അവിടത്തെ ജനങ്ങളാണെന്ന് അമിത് ഷാ പറഞ്ഞു. 

ഉത്തര്‍പ്രദേശില്‍ നാലു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന് യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇറ്റലിയാണ്, അമേതിയല്ല രാഹുല്‍ ഗാന്ധിയുടെ അജന്‍ഡയിലുള്ളത്. സ്മൃതി ഇറാനി ഇവിടെ വരുന്നതുകൊണ്ടാണ് രാഹുല്‍ കഴിഞ്ഞ ദിവസം മ്്ണ്ഡലത്തില്‍ എത്തിയതെന്നും യോഗി ആരോപിച്ചു. 

അടുത്ത തെരഞ്ഞെടുപ്പോടെ അമേതിയില്‍ താമര വിരിയുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. മണ്ഡലത്തിനായി കോണ്‍ഗ്രസ് അറുപതു വര്‍ഷമായി ചെയ്യാത്തത് ആറു മാസം കൊണ്ട് ചെയ്യാന്‍ ബിജെപിക്കാവുമെന്ന് സ്മൃതി ഇറാനി അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com