പട്ടിണി അകറ്റുന്നതില്‍ ഇന്ത്യ ബംഗ്ലാദേശിനും നേപ്പാളിനും പിന്നില്‍; ജിബുട്ടി, റവാണ്ട എന്നിവ ഇന്ത്യക്ക് ഒപ്പം 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 12th October 2017 03:39 PM  |  

Last Updated: 12th October 2017 03:39 PM  |   A+A-   |  

ദില്ലി: പട്ടിണി ഇല്ലായ്മ ചെയ്യുന്നതില്‍ ഇന്ത്യ അയല്‍പക്ക രാജ്യങ്ങളായ നേപ്പാളിനും ബംഗ്ലാദേശിനും പിന്നില്ലെന്ന് റിപ്പോര്‍ട്ട്.  ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യ  നൂറാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു. രാജ്യം വികസനത്തിന്റെ പാതയിലാണെന്ന അവകാശ വാദങ്ങള്‍ക്കിടയിലാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം 97 -ാം സ്ഥാനത്തായിരുന്ന ഇന്ത്യ പുതിയ കണക്ക് അനുസരിച്ച് 100-ാം സ്ഥാനത്തേയ്ക്കാണ് തരംതാഴ്ത്തപ്പെട്ടത്.അവികസിത രാജ്യങ്ങളായ ജിബുട്ടി, റവാണ്ട എന്നി രാജ്യങ്ങളുമായി ഇന്ത്യ റാങ്ക് പങ്കിടുന്ന സ്ഥിതിയാണ്.  100 പോയിന്റില്‍ ഇന്ത്യ 31.4 പോയിന്റാണ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. ദാരിദ്ര്യം അകറ്റുന്നതില്‍ സ്വീകരിച്ച നടപടികളുടെ അടിസ്ഥാനത്തിലാണ് പോയിന്റ് നില നിശ്ചയിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അവസാനമായതും വലിയ തിരിച്ചടിയായി.  119 രാജ്യങ്ങളുടെ പട്ടികയില്‍ തൂക്കം കുറഞ്ഞ കുട്ടികളുടെ ശതമാനകണക്കില്‍ അവികസിത രാജ്യങ്ങളായ ഡിജിബുട്ടി, സൗത്ത് സുഡാന്‍ എന്നി രാജ്യങ്ങള്‍ക്ക് ഒപ്പമാണ് ഇന്ത്യ . ഇന്ത്യയിലെ 21 ശതമാനം കുട്ടികളും തൂക്കകുറവ് നേരിടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.  രാജ്യാന്തര ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മറ്റു സമാന്തര ഏജന്‍സികളുമായി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് സൂചിക പുറത്തുവിട്ടിരിക്കുന്നത്.