തീവ്രഹിന്ദുത്വം കേരളത്തില്‍ വിലപ്പോവില്ല; അമിത് ഷായ്ക്ക് അതു മനസ്സിലായെന്ന് രാജ്ദീപ് സര്‍ ദേശായി

നാരായണഗുരു സ്വാധീനം ചെലുത്തിയ മണ്ണില്‍ യോഗി ആദിത്യനാഥിനെപ്പോലുള്ളവരെ കൊണ്ടുവന്ന് നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ പൊളിഞ്ഞ തന്ത്രമായി മാറി
തീവ്രഹിന്ദുത്വം കേരളത്തില്‍ വിലപ്പോവില്ല; അമിത് ഷായ്ക്ക് അതു മനസ്സിലായെന്ന് രാജ്ദീപ് സര്‍ ദേശായി

ന്യൂഡല്‍ഹി: ബിജെപിയുടെ തീവ്രഹിന്ദുത്വ പരിപാടി കേരളത്തില്‍ നടപ്പാവില്ലെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ ദേശായി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നയിച്ച ജനരക്ഷാ യാത്രയോടുള്ള ജനങ്ങളുടെ തണുത്ത പ്രതികരണം അതാണ് വ്യക്തമാക്കുന്നത്. അമിത് ഷായ്ക്ക് അതു മനസ്സിലായിട്ടുണ്ടെന്നും അതുകൊണ്ടാണ് യാത്ര ഇടയ്ക്കു വച്ചു നിര്‍ത്തി മടങ്ങിയതെന്നും രാജ്ദീപ് സര്‍ ദേശായി ചൂണ്ടിക്കാട്ടി. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് രാജ്ദീപിന്റെ വിലയിരുത്തല്‍.

കേന്ദ്ര സര്‍ക്കാറിനെ ഡല്‍ഹി അശോക റോഡിലെ ബിജെപി ആസ്ഥാനത്തേക്കു മാറ്റിയ പോലെയായിരുന്നു ജനരക്ഷായാത്രയോട് അനുബന്ധിച്ച് കേരളത്തിലെ സിപിഎം അക്രമത്തെക്കുറിച്ചു സംസാരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ പാര്‍ട്ടി ആസ്ഥാനത്തു തമ്പടിച്ചതെന്ന് രാജ്ദീപ് പറയുന്നു. സാമ്പത്തികവളര്‍ച്ചയിലെ മുരടിപ്പ്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത്, ജി എസ് ടി ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍, റോഹിങ്ക്യ, കശ്മീര്‍- കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി ഇതെല്ലാം വിട്ടിരിക്കുകയാണ്. കേരളത്തെ കേന്ദ്രീകരിച്ചുള്ള ഈ കോലാഹലം രാഷ്ട്രീയ പടയോട്ടത്തിനുള്ള ബിജെപിയുടെ ത്വരയാണ് എന്നാണ് രാജ്ദീപ് വിലയിരുത്തുന്നത്. 

ഇതുവരെ ബിജെപിക്ക് ഒരു ലോക്‌സഭാ സീറ്റുപോലും ജയിക്കാനാവാത്ത സംസ്ഥാനമാണ് കേരളം. 2016ല്‍ അവര്‍ക്ക് ഒരു നിയമസഭാ സീറ്റില്‍ ജയിക്കാനായി. അതേസമയം വോട്ടു ശതമാനത്തില്‍ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. എന്നിട്ടും തണുത്ത പ്രതികരണമാണ് അമിത് ഷാ നയിച്ച ജാഥയോട് ജനങ്ങള്‍ പ്രകടിപ്പിച്ചത്. കേരളത്തിലെ വെള്ളത്തില്‍ താമര വിരിയാറായിട്ടില്ല എന്നു തന്നെയാണ് അതുകാണിക്കുന്നത്. 

കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ വലിയ സാന്നിദ്ധ്യം കേരളം ബിജെപിയുടെ രാഷ്ട്രീയത്തിന് അപ്രാപ്യമാവുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണെന്ന് രാജ്ദീപ് ചൂണ്ടിക്കാട്ടുന്നു. മുസ്ലിംകളും ക്രിസ്ത്യാനികളും ചേര്‍ന്നാല്‍ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 45 ശതമാനമായി. പക്ഷെ ഇത് മറ്റൊരു തരത്തില്‍ ബിജെപിക്ക് അനുകൂല സാഹചര്യവും ഒരുക്കുന്നുണ്ട്. ഹിന്ദുവോട്ട് ബാങ്ക് ശക്തിപ്പെടുത്താനുള്ള അവസരം. പതിറ്റാണ്ടുകളായി ആര്‍എസ്എസിന് കേരളത്തില്‍ ശക്തമായ അടിത്തറയുണ്ട്. ഇടതുപക്ഷകോണ്‍ഗ്രസ് ഇരുധ്രുവ രാഷ്ട്രീയം കേരളത്തിലെ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തിന്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഹിന്ദുത്വയും സദ്ഭരണം സംബന്ധിച്ച അവകാശവാദവും കേരളത്തിലെ മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ മോദി സര്‍ക്കാരിനോട് താല്‍പര്യമുണ്ടാക്കാനും അത് ബിജെപിക്ക് ഗുണം ചെയ്യാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ട് കേരളം ബിജെപിയെ അകറ്റിനിര്‍ത്തുന്നു എന്ന ചോദ്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മതവര്‍ഗീയതയുടെ പേരിലുള്ള ധ്രുവീകരണത്തിന് ഇവിടെ സാദ്ധ്യത കുറവാണ് എന്നതാണ് കാര്യം.

കേരളത്തിലെ ഹിന്ദു രാഷ്ട്രീയ പാരമ്പര്യം സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളാല്‍ നവീകരിക്കപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടുന്ന രാജ്ദീപ്, ഇതിനു വിരുദ്ധമായി നില്‍ക്കുന്ന യോഗി ആദിത്യനാഥിനെ ജാഥയില്‍ പങ്കെടുപ്പിച്ചത് ബിജെപി കാണിച്ച അബദ്ധമാണെന്നാണ് അഭിപ്രായപ്പെടുന്നത്. കേരളത്തിലെ ക്ഷേത്രപ്രവേശന പ്രസ്ഥാനം ബ്രാഹ്മണ ആചാരങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമുണ്ടായിരുന്ന അപ്രമാദിത്വം ഇല്ലാതാക്കി. പശുവിനെ ആരാധിക്കുക എന്ന പരിപാടിയേ ഇവിടെയില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമാസക്തരായി രംഗത്ത് വരുന്ന കാവി സന്യാസിമാരെ ഇവിടെ കാണാനാവില്ല. നാരയാണ ഗുരുവിനെ പോലെ മത യാഥാസ്ഥിതികത്വങ്ങളെ വെല്ലുവിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത വിപ്ലവകാരികളായിരുന്നു ഇവിടത്തെ സന്യാസിമാര്‍. അവര്‍ ആത്മീയ സ്വാതന്ത്ര്യത്തിനും സാമൂഹ്യസമത്വത്തിനും വേണ്ടി നിലകൊണ്ടു. നാരായണഗുരു സ്വാധീനം ചെലുത്തിയ മണ്ണില്‍ യോഗി ആദിത്യനാഥിനെപ്പോലുള്ളവരെ കൊണ്ടുവന്ന് നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ പൊളിഞ്ഞ തന്ത്രമായി മാറിയെന്നാണ് രാജ്ദീപ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം തന്നെ രാഷ്ട്രീയ ഇസ്ലാം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മതമൗലികവാദി പ്രസ്ഥാനങ്ങള്‍ മുസ്ലീം യുവാക്കളെ തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്നത് ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അതു മുതലെടുക്കാന്‍ തീവ്രഹിന്ദുത്വ അജന്‍ഡ അവര്‍ മാറ്റിവയ്‌ക്കേണ്ടിവരുമെന്നാണ് രാജ്ദീപ് സര്‍ ദേശായി അഭിപ്രായപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com