ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ശിശുമരണം തുടര്‍ക്കഥ: 24 മണിക്കൂറിനിടെ മരിച്ചത് 19 കുട്ടികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം മരിച്ചത് 19 കുട്ടികള്‍ - ഇക്കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മാത്രം മരിച്ചത് 69  കുട്ടികള്‍
ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ശിശുമരണം തുടര്‍ക്കഥ: 24 മണിക്കൂറിനിടെ മരിച്ചത് 19 കുട്ടികള്‍

ലഖ്‌നോ: യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ കുട്ടികളുടെ മരണം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം മരിച്ചത് 19 കുട്ടികളാണ്. മരിച്ചവരില്‍ പതിമൂന്ന് കുട്ടികള്‍ നവജാത ശിശുക്കാളാണ്. ആറ് കുട്ടികള്‍ മരിച്ചത് ജപ്പാന്‍ ജ്വരം മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മാത്രം മരിച്ചത് 69 കുട്ടികളാണ്. ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 64 കുട്ടികള്‍ മരിച്ചതിന് പിന്നാലെ ഡോക്ടര്‍മാരെയും ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്‌തെങ്കിലും മരണം തുടര്‍ക്കഥയാവുകയാണ്.

ഓഗസ്റ്റ് രണ്ടാം ആഴ്ചയില്‍ അഞ്ച് ദിവസത്തിനിടെ അറുപത് കുട്ടികള്‍ മരിച്ചിരുന്നു. കൂടുതല്‍ കുട്ടികളും മരിച്ചത് നവജാത ശിശുക്കളുടെ ഐസിയുവിലാണ്. വിവിധ രോഗങ്ങളാലാണ് കുട്ടികള്‍ ആശുപത്രിയിലെത്തുന്നതെന്നും എത്തുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഗുരുതരമായ അവസ്ഥയിലെത്തുന്നതുമാണ് മരണത്തിന് ഇടയാക്കുന്നതെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. 

നവജാതശിശുക്കളുടെ ഐസിയുവില്‍ നിലവില്‍ 118 കുട്ടികളാണ് അഡ്മിറ്റ് ചെയ്യപ്പെട്ടതെന്നും അതില്‍ പതിമൂന്ന് കുട്ടികള്‍ വിവിധ രോഗങ്ങള്‍ കാരണമാണ് മരിച്ചതെന്നും 
കുട്ടികളുടെ വാര്‍ഡില്‍ മാത്രം പ്രവേശിപ്പിച്ച 333 കുട്ടികളില്‍ 109 കുട്ടികള്‍ ജപ്പാന്‍ ജ്വരമാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ദിവസവും ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഓരോ ദിവസവും 12നും 20നും ഇടയിലാണ് കുട്ടികള്‍ മരിക്കുന്നത്. ഒക്ടോബര്‍ 7ന് മരിച്ചവരുടെ എണ്ണം 12ആയിരുന്നെങ്കില്‍ അടുത്ത ദിവസം മരണസംഖ്യ 18 ആയി ഉയര്‍ന്നു. 9ാം തിയ്യതി 19 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com