ശബരിമലയിലെ സ്ത്രീപ്രവേശനം: കേസ് സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th October 2017 10:52 AM  |  

Last Updated: 13th October 2017 10:52 AM  |   A+A-   |  

sabarimala


ന്യൂഡല്‍ഹി: ശബരിമലയുടെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. പ്രായഭേദമെന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ആചാരാനാനുഷ്ഠാനങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ കഴിയുമോ, ഇതില്‍ ഭരണഘടനാ ലംഘനമുണ്ടോ എന്ന കാര്യം ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ക്ഷേത്രപ്രവേശന ചട്ടങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കു വിരുദ്ധമാവുന്നുണ്ടോയെന്ന കാര്യവും ബെഞ്ച് പരിശോധിക്കും. ആചാരത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രപ്രവേശനത്തില്‍നിന്ന് മാറ്റനിര്‍ത്തുന്നതില്‍ ലിംഗവിവേചനമുണ്ടോ എന്നത് ഉള്‍പ്പെടെ അഞ്ചു പരിഗണനാ വിഷയങ്ങളാണ് ഭരണനാ ബെഞ്ചിനു മുന്നില്‍ വരിക.

ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ എഴുതി നല്‍കാന്‍ കക്ഷികളോടും അമിക്കസ് ക്യൂറിയോടും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടിരുന്നു. കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്നതിനെ ദേവസ്വം ബോര്‍ഡ് അനുകൂലിച്ചിരുന്നു. ഭരണഘടന നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തെ ആചാരങ്ങള്‍ക്ക് മറികടക്കാനാകുമോയെന്ന് പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടു.

ശബരിമലയില്‍ പ്രായഭേദ്യമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡും വിവിധ ഹിന്ദു സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിക്കുന്നത് ആചാരങ്ങള്‍ക്കു വിരുദ്ധമാണെന്ന നിലപാടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ സ്വീകരിച്ചത്. നേരത്തെ യുഡിഎഫ് സര്‍ക്കാരും ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.

1965ലെ കേരള പൊതു ഹിന്ദു ആരാധനാലയ (പ്രവേശനാധികാര) ചട്ടത്തിലെ മൂന്ന് (ബി) വകുപ്പുപ്രകാരമാണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഈ ചട്ടത്തെ ചോദ്യംചെയ്താണ് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.