ചുവന്ന പൂവ് നീട്ടി മോദിയെ സ്വീകരിച്ചു; പക്ഷെ അതിന് മുന്‍പ് നിതീഷിന്റെ മുഖം പൂവിനേക്കാള്‍ ചുവന്നിരുന്നു

ചുവന്ന റോസാ പൂവ് നല്‍കി സ്വീകരിക്കുന്നതിന് മുന്‍പ് നിതീഷിന്റേയും ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥരുടേയും മുഖം പൂവിനേക്കാള്‍ ചുവന്നു
ചുവന്ന പൂവ് നീട്ടി മോദിയെ സ്വീകരിച്ചു; പക്ഷെ അതിന് മുന്‍പ് നിതീഷിന്റെ മുഖം പൂവിനേക്കാള്‍ ചുവന്നിരുന്നു

പാട്‌ന: മഹാ സഖ്യം വിട്ട് നിതീഷ് കുമാര്‍ എന്‍ഡിഎ പാളയത്തിലേക്ക് ചേക്കേറിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി ബിഹാര്‍ സന്ദര്‍ശിക്കാനായി എത്തിയത്. ചുവന്ന റോസ് പൂവ് നല്‍കിയായിരുന്നു വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വീകരിച്ചത്. പക്ഷെ ചുവന്ന റോസാ പൂവ് നല്‍കി സ്വീകരിക്കുന്നതിന് മുന്‍പ് നിതീഷിന്റേയും ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കമുള്ളവരുടേയും മുഖം റോസാപൂവിനേക്കാള്‍ ചുവന്നു. 

പ്രധാനമന്ത്രിയെ സ്വീകരിക്കാനായി പോവുന്നതിന് ഇടയില്‍ നിതിഷ് കുമാറിന്റെ വാഹനം എസ്പിജി വിഭാഗം തടഞ്ഞതാണ് ബിഹാര്‍ മുഖ്യമന്ത്രിയെ അടക്കം പ്രകോപിപ്പിച്ചത്. മോദിയുമായി വിമാനം ലാന്‍ഡ് ചെയ്ത റണ്‍വേയിലേക്ക് തന്റെ ബുള്ളറ്റ് പ്രൂഫ് കാറില്‍ നിതീഷ് കുമാര്‍ നീങ്ങവെയാണ് എസ്പിജി കമാന്‍ഡോസ് വാഹനം തടഞ്ഞത്. 

എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയ ബിഹാര്‍ പൊലീസ് ഉടനെ എസ്പിജി ഉദ്യോസ്ഥരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നിതീഷിന്റെ വാഹനം പ്രധാനമന്ത്രിക്ക് അടുത്തേക്ക് വിടാന്‍ എസ്പിജി തയ്യാറായില്ല. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നിതീഷിന് എത്താന്‍ സാധിക്കില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ഏതാനും മിനിറ്റുകളോളം ഇത് തുടര്‍ന്നെങ്കിലും, ആശയക്കുഴപ്പം മാറ്റി മുഖ്യമന്ത്രിയുടെ വാഹനം പിന്നെ റണ്‍വേയിലേക്ക് കടത്തിവിട്ടു. 

എസ്പിജിയുമായി ആശയവിനിമയം നടത്തിയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയത്. എന്നാല്‍ ഇത്തരമൊരു ആശയക്കുഴപ്പം എങ്ങിനെ ഉണ്ടായെന്ന് വ്യക്തമല്ലെന്ന് ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രധാനമന്ത്രിയ്ക്ക് സുരക്ഷാ വലയം തീര്‍ക്കുന്ന എസ്പിജിയാണ് ഈ വലയത്തിനുള്ളിലേക്ക് ആരൊക്കെ പ്രവേശിക്കണം എന്ന് തീരുമാനമെടുക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടി മുഖ്യമന്ത്രിമാരായാലും തടയുമെന്ന് ചുരുക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com