മോദിയെ കിം ജോങ് ഉന്നുമായി താരതമ്യം ചെയ്തു; 22 വ്യാപാരികള്‍ക്കെതിരെ ക്രിമിനല്‍ കേസ്‌

മോദിയുടെ ചിത്രത്തിന് അടിയില്‍ മോദി വ്യാപാരം അവസാനിപ്പിക്കും എന്നാണ് എഴുതിയിരുന്നത്
മോദിയെ കിം ജോങ് ഉന്നുമായി താരതമ്യം ചെയ്തു; 22 വ്യാപാരികള്‍ക്കെതിരെ ക്രിമിനല്‍ കേസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ് ഉന്നുമായി താരതമ്യം ചെയ്ത് പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചതിന് 22 വ്യാപാരികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കാണ്‍പൂര്‍ പൊലീസാണ് 22 വ്യാപാരികള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പോസ്റ്ററില്‍, കിം ജോങ് ഉന്നിന്റെ ചിത്രം നല്‍കി അതിനടിയില്‍, ലോകം നശിപ്പിച്ചതിന് ശേഷമേ അയാള്‍ വിശ്രമിക്കു എന്നെഴുതിയപ്പോള്‍, മോദിയുടെ ചിത്രത്തിന് അടിയില്‍ മോദി വ്യാപാരം അവസാനിപ്പിക്കും എന്നാണ് എഴുതിയിരുന്നത്. 

ഇതിനെതിരെയാണ് പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുപിയുടെ പ്രത്യേകാധികാര നിയമത്തിലെ 32(3) വകുപ്പും, ഇന്ത്യന്‍ പീനല്‍ കോഡിലെ 153A, 505 എന്നീ വകുപ്പുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് ദിപാവലി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് ഇവിടുത്തെ വ്യാപാര സമൂഹം പ്രഖ്യാപിച്ചിരിക്കുന്നത്. കേസുമായ ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുളളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് നിലപാട്. 

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മോദിയേയും കിം ജോങ്ങിനേയും താരതമ്യം ചെയ്തുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നാണയങ്ങള്‍ നിക്ഷേപമായി സ്വീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാവാതിരുന്നതോടെയാണ് കാണ്‍പൂരിലെ വ്യാപാരികള്‍ പ്രതിഷേധം ആരംഭിച്ചത്. ബാങ്കുകള്‍ നാണയങ്ങള്‍ നിക്ഷേപമായി സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപയുടെ നാണയങ്ങളാണ് വ്യാപാരികളുടെ പക്കലുള്ളത്. ഇതുമൂലം തൊഴിലാളികള്‍ക്ക് നാണയങ്ങളാണ് വ്യാപാരികള്‍ ശബളം നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com