'കൈ പിടിക്കുമോ'? സിപിഎം സിസി നിലപാട് ഇന്നറിയാം

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 16th October 2017 07:46 AM  |  

Last Updated: 16th October 2017 07:48 AM  |   A+A-   |  

 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമോ എന്ന കാര്യത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് അന്തിമ തീരുമാനമെടുക്കും. കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ ശക്തമായ ചേരിതിരിവാണ് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ടിരിക്കുന്നത്. യെച്ചൂരി, കാരാട്ട് പക്ഷങ്ങളുടെ ഭിന്ന നിലപാടുകള്‍ അതേപടി പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കട്ടെയെന്നാണോ, അതോ ഭൂരിപക്ഷ നിലപാടുമാത്രം പരിഗണിച്ചാല്‍ മതിയെന്നാണോ സിസി തീരുമാനിക്കുകയെന്നാണ് വ്യക്തമാകാനുള്ളത്.

ബിജെപിയെ താഴെയിറക്കലാണ് പ്രഥമലക്ഷ്യം എന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച കരട് രേഖയില്‍ പറയുന്നു. ഇതേ കാര്യം തന്നെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നോട്ടുവെച്ച കരട് രേഖയിലും പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളോട് സഖ്യമുണ്ടാക്കണമെന്ന യെച്ചൂരിയുടെ നിലപാട് കാരാട്ടും കൂട്ടരും തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് ബിജെപിയുടെ അതേ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയാണ് എന്നാണ് കാരാട്ട് പക്ഷത്തിന്റെ വാദം. 

കാരാട്ടിനൊപ്പമാണ് കേരള ഘടകം നിലകൊള്ളുന്നത്. ഭൂപിപക്ഷവും കാരാട്ടിനൊപ്പമാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ കേരളത്തില്‍ തിരിച്ചടിയാകുമെന്നും ബിജെപിക്ക് കാലുറപ്പിക്കാന്‍ അവസരം നല്‍കലാകും അതെന്നും കേരള ഘടകം ശക്തമായി വാദിക്കുന്നു. എന്നാല്‍, വിഎസ് അച്യുതാനന്ദന്‍ ച്ചെൂരിയെ പിന്തുണച്ച് രംഗത്തെത്തി. ബംഗാള്‍ ഘടകം മാത്രമാണ് യെച്ചൂരിയ്ക്ക് പിന്തുണയുമായി രംഗത്തുള്ളത്.