ബസുവിന്റെ പേരുള്ള ശിലാഫലകം ഇളക്കിമാറ്റി; ബംഗാളിലെ ഇടതു സ്മാരകങ്ങള്‍ പൊളിച്ചടുക്കി മമത

മൂന്നുപതിറ്റാണ്ടിലേറെ നീണ്ട ഇടതു ഭരണത്തില്‍ സ്ഥാപിച്ച സ്മാരകങ്ങളും പദ്ധതിപ്പേരുകളുമാണ് മമത ഭരണത്തില്‍ ഉടച്ചുവാര്‍ക്കുന്നത്
ബസുവിന്റെ പേരുള്ള ശിലാഫലകം ഇളക്കിമാറ്റി; ബംഗാളിലെ ഇടതു സ്മാരകങ്ങള്‍ പൊളിച്ചടുക്കി മമത

കൊല്‍ക്കത്ത: പദ്ധതികളുടെയും സ്മാരകങ്ങളുടെയും പേരുമാറ്റി ചരിത്രത്തെ മാറ്റിമറിക്കുന്ന കേന്ദ്ര നടപടിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്തെ ഇടതു നേതാക്കളുടെ പേരിലുളള സ്മാരകങ്ങള്‍ ഇളക്കിമാറ്റുന്നു. മൂന്നുപതിറ്റാണ്ടിലേറെ നീണ്ട ഇടതു ഭരണത്തില്‍ സ്ഥാപിച്ച സ്മാരകങ്ങളും പദ്ധതിപ്പേരുകളുമാണ് മമത ഭരണത്തില്‍ ഉടച്ചുവാര്‍ക്കുന്നത്.

ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരം നടക്കുന്ന സാല്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ ജ്യോതി ബസുവിന്റെ പേരിലുളള ശിലാഫലകം ഇളക്കിമാറ്റിയാണ് മമത ആദ്യം വാര്‍ത്ത സൃഷ്ടിച്ചത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഒട്ടേറെ സ്മാരകങ്ങളില്‍നിന്നും പദ്ധതികളില്‍നിന്നും മമത ബസു ഉള്‍പ്പെടെയുള്ള നേതാക്കളെ ഇറക്കിവിട്ടതായി കണ്ടെത്തിയത്. 

സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ മുഖ്യ കവാടത്തില്‍ സ്ഥാപിച്ചിരുന്ന ശിലാഫലകമാണ് ഫിഫ മത്സരങ്ങള്‍ തുടങ്ങും മുമ്പ് ഇളക്കിമാറ്റിയത്. നഗരത്തിലെ ജലശുദ്ധീകരണ പദ്ധതിയില്‍നിന്നും മമത ജ്യോതി ബസുവിനെ ഒഴിവാക്കി. ജ്യോതി ബസു ജല്‍ പ്രകല്‍പ്പന എന്ന പേര് ജയ് ഹിന്ദ് ജല്‍ പ്രകല്‍പ്പന എന്നാണ് മാറ്റിയിരിക്കുന്നത്. ന്യൂട്ടണ്‍ സാറ്റലൈറ്റ് സിറ്റിയില്‍നിന്നും ജ്യോതി ബസുവിന്റെ പേര് ഒഴിവാക്കിയിട്ടുണ്ട്. ബസുവിന്റെ പേരില്‍ കൊല്‍ക്കത്തയില്‍ സിപിഎം തുടങ്ങാനിരിക്കുന്ന പഠന ഗവേഷണ കേന്ദ്രത്തിന് സ്ഥലം നല്‍കണമെന്ന അപേക്ഷയും മമത സര്‍ക്കാര്‍ തള്ളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാള്‍ മാര്‍ക്‌സിന്റെയും ലെനിന്റെയും പേരിലുള്ള റോഡുകള്‍ ഒഴികെ ഇടതു ഭരണത്തിലെ സ്മാരകങ്ങള്‍ എല്ലാം പൊളിച്ചടുക്കുകയാണ് മമതയെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പാഠ്യപദ്ധതിയിലും ഈ പൊളിക്കല്‍ നടക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. നന്ദിഗ്രാമിനെയും സിംഗുരിനെയും കുറിച്ചുള്ള പാഠങ്ങളിലാണ് മമത ആദ്യം തന്നെ മാറ്റം വരുത്തിയത്. തുടര്‍ന്ന് ഏതാണ്ട് എല്ലാ ക്ലാസിലെയും പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 

കേന്ദ്ര സര്‍ക്കാര്‍ കാവിവത്കരണം സജീവമാക്കുകയും സ്മാരകങ്ങള്‍ എല്ലാം പരിവാര്‍ നേതാക്കളുടെ പേരിലാക്കുകയും ചെയ്യുമ്പോള്‍ പ്രതിഷേധിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി സമാനമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഇടതു നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com