ബാബാ രാംദേവിന്റെ ഭൂമി ഇടപാടുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 18th October 2017 03:01 PM  |  

Last Updated: 18th October 2017 03:01 PM  |   A+A-   |  

 


മുംബൈ: ബാബാ രാംദേവിന്റെ പതാഞ്ജലി ആയുര്‍വേദ ഗ്രൂപ്പിന്റെ ഭൂമി ഇടപാടുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയ രണ്ട് മഹാരഷ്ട്രാ ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മഹാരാഷ്ട്രാ എയര്‍പോര്‍ട്ട് ഡെവല്പമെന്റ് കമ്പനിയുടെ കൈവശമുള്ള ഭൂമി പതഞ്ജലി ഗ്രൂപ്പിന് 75 ഡിസ്‌കൗണ്ടിന് നല്‍കിയ നടപടിയ്‌ക്കെതിരെ അന്വേഷണം നടത്തിയ ഐഎസ് ഉദ്യോഗസ്ഥന്‍ ബിജയ് കുമാറിനെ ധനകാര്യവകുപ്പ് സ്ഥലം മാറ്റിയിരുന്നു. വിവരാവകാശ രേഖപ്രകാരം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭൂമിയ്ക്ക് ഡിസ്‌കൗണ്ട് നല്‍കിയ നടപടിയ്‌ക്കെതിരെ ബിജയ് അന്വേഷണം നടത്തിയത്. ഈ വിവരങ്ങള്‍ ലഭിക്കാന്‍ വിവരാവാകാശ അപേക്ഷ ഉണ്ടാക്കാന്‍ വേണ്ടി സഹായിച്ച രണ്ടുപേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. 

രേഖകകള്‍ ലഭിക്കാന്‍ വേണ്ടി വിവരാവകാശ നീയമപ്രകാരം അപേക്ഷകള്‍ നല്‍കി ഒരുമാസം കഴിഞ്ഞിട്ടും വിവരങ്ങള്‍ നല്‍കാത്തതിനെത്തുടര്‍ന്ന് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രത്‌നാകര്‍ ഗയ്ക്‌വാദിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എംഎഡിസി മേധാവി വിശ്വാസ് പാട്ടീലിനോട് മാര്‍ച്ച് മൂന്നിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഉത്തരവിട്ടിരുന്നു. പിന്നാലെ പന്ത്ര്ണ്ട് ദിവസം പിന്നിട്ടപ്പോള്‍ വിവരാവകാശ അപേക്ഷ തയ്യാറാക്കാന്‍ സഹായിച്ച ഈ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയായിരുന്നു. മാര്‍ച്ച് മൂന്നിന് വിശ്വാസിനൊപ്പം ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറിന് മുന്നില്‍ ഹാജരായ ഉദ്യോഗസ്ഥര്‍ കൂടിയാണ് ഇവര്‍.

എംഎഡിസി നാഗ്പൂര്‍ ബ്രാഞ്ച് മാര്‍ക്കറ്റിങ് മാനേജര്‍ അതുല്‍ താക്കറെയെ മുംബൈയിലേക്കും മുംബെ മാര്‍ക്കറ്റിങ് മാനേജര്‍ സമീര്‍ ഗോഖലയെ നാഗ്പൂരിലേക്കും സ്ഥലം മാറ്റി. 

സ്ഥലം മാറ്റങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഇപ്പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച വിശ്വാസ് പാട്ടീല്‍ കൂട്ടാക്കിയിട്ടില്ല. എന്നാല്‍ സ്ഥലം മാറ്റങ്ങള്‍ സ്വാഭാവികമാണെന്നാണ് എംഎഡിസിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്. അതേസമയം, സ്ഥലം മാറ്റങ്ങള്‍ നടത്തിയ സമയം പ്രശ്‌നമാണെന്നും ഇത് ശരിയായ വിവരം നല്‍കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുമെന്നും മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി പ്രതികരിച്ചു.