രാഷ്ട്രീയ കാലാവസ്ഥ മാറുന്നുവോ? ട്വിറ്ററില്‍ ഇപ്പോള്‍ രാഹുലാണ് താരം

സമീപ ദിവസങ്ങളില്‍ ട്വീറ്ററാറ്റി ഏറ്റവുമധികം ശ്രദ്ധിച്ചത് രാഹുലിന്റെ ട്വീറ്റുകളെയാണ്
രാഷ്ട്രീയ കാലാവസ്ഥ മാറുന്നുവോ? ട്വിറ്ററില്‍ ഇപ്പോള്‍ രാഹുലാണ് താരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രിയതയുടെ അളവുകോലായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള സാമൂഹ്യ മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകളാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവാണ് മോദി. രണ്ടാം സ്ഥാനത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും. സോഷ്യല്‍ മീഡിയയിലെ സജീവ ഇടപെടലിലേക്ക് വൈകി മാത്രം വന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഇവരേക്കാളെല്ലാം പിന്നിലാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കാലം മാറുകയാണന്നാണ് ചില വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സമീപ ദിവസങ്ങളില്‍ ട്വീറ്ററാറ്റി ഏറ്റവുമധികം ശ്രദ്ധിച്ചത് രാഹുലിന്റെ ട്വീറ്റുകളെയാണ്, കൂടുതല്‍ റീട്വീറ്റുകള്‍ ചെയ്യപ്പെട്ടതും രാഹുലിന്റെ ട്വീറ്റുകള്‍ തന്നെ.

ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ വിശകലനത്തിലാണ് മോദിയേയും കെജരിവാളിനെയും പിന്തള്ളി രാഹുല്‍ കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെടുന്ന നേതാവാണെന്ന് കണ്ടെത്തിയത്. ജൂലൈ മുതല് സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പത്തു ലക്ഷം ഫോളോവേഴ്‌സാണ് രാഹുലിന് അധികമായുണ്ടായത്. സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തിലുണ്ടായ ഈ മാറ്റം രാഹുല്‍ എന്ന രാഷ്ട്രീയ നേതാവിന്റെ പുതിയ വരവാണെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നത്. അടുത്തിടെ ഗുജറാത്തില്‍ രാഹുല്‍ നടത്തിയ സന്ദര്‍ശനവും ഏതാനും പ്ര്‌സ്താവനകളും രാജ്യമെമ്പാടും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

മോദിജി വേഗം, പ്രസിഡന്റ് ട്രംപിനെ ഒന്നുകൂടി ആലിംഗനം ചെയ്യൂ എന്ന രാഹുലിന്റെ ട്വീറ്റ് 19,700 തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്തുമെന്നു വ്യക്തമാക്കി ട്രംപ് ചെയ്ത ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടിന് ഒപ്പമായിരുന്നു രാഹുലിന്റെ ട്രോള്‍ ട്വീറ്റ്.

2015 മെയ് മാസത്തില്‍ മാത്രം ട്വിറ്ററില്‍ ജോയിന്‍ ചെയ്ത രാഹുല്‍ ഈ സെപ്റ്റംബറിലാണ്, റീട്വീറ്റിന്റെ കാര്യത്തില്‍ മോദിയെയും കെജരിവാളിനെയും പിന്നിലാക്കിയത്. 2784 റീ ട്വീറ്റുകളാണ്, രാഹുലിന്റെ ട്വീറ്റിന് ശരാശരി ഉണ്ടാവുന്നത്. മോദിയുടേതിനാവട്ടെ അത് 2506ഉം കെജരിവാളിന് 1722ഉം ആണ്. ഒക്ടോബര്‍ മധ്യത്തോടെ രാഹുലിന്റെ ശരാശരി റീട്വീറ്റുകളുടെ എണ്ണം 3812 ആയി ഉയര്‍ന്നു. ട്വീറ്ററില്‍ മുന്‍നിരയില്‍ തിളങ്ങിനിന്ന കാലത്ത് മോദിക്കു ലഭിച്ചിരുന്ന റീട്വീറ്റുകള്‍ക്കൊപ്പം വരും ഇത്. 

നോട്ടു നിരോധനസമയത്തും നിതീഷ് കുമാര്‍ എന്‍ഡിഎയില്‍ ചേര്‍ന്നപ്പോഴുമാണ് സമീപകാലത്ത് മോദിക്കു കൂടുതല്‍ റീട്വീറ്റുകള്‍ ലഭിച്ചത്. 

സമയോചിതമായ ഇടപെടലും പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതുമാണ് സമീപ ദിവസങ്ങളില്‍ രാഹുല്‍ ട്വിറ്ററില്‍ തിളങ്ങാന്‍ കാരണമെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന ദിവ്യ സ്പന്ദന പറയുന്നു. 

ഓഫിസ് ഓഫ് ആര്‍ജി എന്ന പേരിലാണ് നിലവില്‍ രാഹുലിന്റെ ട്വീറ്റര്‍ ഹാന്‍ഡില്‍. പുതിയ സാഹചര്യത്തില്‍ രാഹുല്‍ ഇത് അഴിച്ചുപണിയാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com