ഗുജറാത്ത് തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കാന്‍ കമ്മിഷന്‍ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി; വിമര്‍ശനവുമായി ചിദംബരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2017 10:59 AM  |  

Last Updated: 20th October 2017 10:59 AM  |   A+A-   |  

chidambaramklkj;k;

 

ന്യൂഡല്‍ഹി: ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതില്‍ ഇലക്ഷന്‍ കമ്മിഷനെ ശക്തമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് ചിദംബരം പരിഹസിച്ചു. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ഗുജറാത്തിലെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാതിരിക്കുകയും ചെയ്ത കമ്മിഷന്റെ നടപടി വന്‍തോതില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

എല്ലാ ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്ന് ചിദംബരം ട്വീറ്ററില്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് തന്റെ അഞ്ചാമത്തെ ഗുജറാത്ത് സന്ദര്‍ശനം നടത്തുന്നത്. ഈ സന്ദര്‍ശനത്തില്‍ വഡോദരയില്‍ 1,140 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഉത്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിദംബരം തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗുജറാത്ത് തെരഞ്ഞടുപ്പു തീയതി പ്രഖ്യാപിക്കാത്തതിനെ ചോദ്യം ചെയ്ത് നേരത്തെയും കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ആറു മാസത്തിനിടെ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുമിച്ചു പ്രഖ്യാപിക്കുകയാണ് കമ്മിഷന്റെ കീഴ് വഴക്കം. ഇതു തെറ്റിച്ചാണ് ഗുജറാത്തിലെ തീയതി പ്രഖ്യാപിക്കുന്നതില്‍നിന്ന് കമ്മിഷന്‍ പിന്‍മാറിയത്.