ഡെങ്കിയെ നേരിടുന്നത് എങ്ങനെയെന്ന് കേരളത്തെ കണ്ടു പഠിക്കൂ; തമിഴ്‌നാട് സര്‍ക്കാരിനോട് കമല്‍ഹാസന്‍

തമിഴ്‌നാട് സര്‍ക്കാരിന് ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെങ്കില്‍ ഡെങ്കിയെ ഫലപ്രദമായി നിയന്ത്രിച്ച കേരളത്തില്‍നിന്നു പഠിക്കുകയാണ് വേണ്ടതെന്ന് കമല്‍ഹാസന്‍
ഡെങ്കിയെ നേരിടുന്നത് എങ്ങനെയെന്ന് കേരളത്തെ കണ്ടു പഠിക്കൂ; തമിഴ്‌നാട് സര്‍ക്കാരിനോട് കമല്‍ഹാസന്‍

ചെന്നൈ: ഡെങ്കിപ്പനിയെ നേരിടുന്നത് എങ്ങനയെന്ന് തമിഴ്‌നാട് കേരളത്തില്‍നിന്ന് പഠിക്കണമെന്ന് നടന്‍ കമല്‍ഹാസന്‍. ഡെങ്കിപ്പനി തമിഴ്‌നാട്ടില്‍ വലിയ പ്രശ്‌നമായി മാറുകയാണ്. അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടത്. തമിഴ്‌നാട് സര്‍ക്കാരിന് ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെങ്കില്‍ ഡെങ്കിയെ ഫലപ്രദമായി നിയന്ത്രിച്ച കേരളത്തില്‍നിന്നു പഠിക്കുകയാണ് വേണ്ടതെന്ന് കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. ഡെങ്കി ചികിത്സയില്‍ പരമ്പരാഗത മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതു സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കമലിന്റെ നിര്‍ദേശം.

ഡെങ്കി പനിക്കുള്ള മരുന്നായി നിലവെമ്പു കഷായം വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെ കമല്‍ അഭിപ്രായം പ്രകടിപ്പിച്ചത് വിവാദമായിരുന്നു. ഡെങ്കിനെ പ്രതിരോധിക്കാന്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ഈ കഷായം കുടിക്കാനാണ് സംസ്ഥാന ആരോഗ്യവകുപ്പ് ജനങ്ങളോട് നിര്‍ദേശിക്കുന്നത്. ഇതിനെതിരെ രംഗത്തുവന്ന കമല്‍ കഷായം വിതരണം ചെയ്യരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. കമലിന്റെ നിലപാടിനെതിരെ മന്ത്രിമാര്‍ തന്നെ രംഗത്തുവരികയും കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലാണ് ഡെങ്കി നിയന്ത്രണത്തിന് കേരള മാതൃക പിന്തുടരാന്‍ കമല്‍ നിര്‍ദേശിച്ചത്. 

താന്‍ പാരമ്പര്യ വൈദ്യത്തിന് എതിരല്ലെന്നും എന്നാല്‍ ഒരുറപ്പുമില്ലാതെ ഇത്തരം മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിലാണ് എതിര്‍പ്പു പ്രകടിപ്പിച്ചതെന്നും കമല്‍ വ്യക്തമാക്കി. ജനങ്ങളെ ആരു സഹായിച്ചാലും ഞാന്‍ പിന്തുണയ്ക്കും. എന്നാല്‍ ഒരു തെളിവുമില്ലാതെ, ഫലത്തെക്കുറിച്ച് ഒരുറപ്പുമില്ലാതെ ഈ മരുന്നു വ്യാപകമായി ഉപയോഗിക്കുന്നതു ശരിയല്ല. അതു ചെയ്യരുതെന്നാണ് ആരാധകരോട് ആവശ്യപ്പെട്ടതെന്ന് കമല്‍ വിശദീകരിച്ചു.

നിലവെമ്പു കഷായത്തിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചതിന് ചെന്നൈ പൊലീസിലാണ് കമല്‍ഹാസനെതിരെ പരാതി ലഭിച്ചിരിക്കുന്നത്. ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കുന്ന വിധം അഭിപ്രായ പ്രകടനം നടത്തിയെന്നാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com