'നോട്ട് നിരോധന പൂത്തിരി' കത്തിച്ച്  യുപിയുടെ ദീപാവലി; പടക്കങ്ങള്‍ക്ക് രാഷ്ട്രീയ വിഷയങ്ങളുടെ പേര് നല്‍കി നിര്‍മാതാക്കള്‍

പടക്കങ്ങളേക്കാള്‍ ശബ്ദമുള്ള പേരുകള്‍ നല്‍കിയതോടെ പടക്കം വിപണിയിലെ പ്രധാന ആകര്‍ഷകങ്ങളായിരിക്കുകയാണ് നോട്ട് നിരോധന പൂത്തിരിയും ജിഎസ്ടി പടക്കങ്ങളും
ഫോട്ടോ കടപ്പാട് ഹിന്ദുസ്ഥാന്‍ ടൈംസ്‌
ഫോട്ടോ കടപ്പാട് ഹിന്ദുസ്ഥാന്‍ ടൈംസ്‌

അലഹാബാദ്: നോട്ട് നിരോധനവും ജിസ്ടിയും രാജ്യത്തിന്റെ നടുവൊടിച്ചെങ്കിലും ഇത്തവണ ഉത്തര്‍പ്രദേശ് ദീപാവലി ആഘോഷിക്കുന്നത് ഇവ പൊട്ടിച്ചാണ്. രാജ്യത്തിന്റെ നെഞ്ചിലിട്ട് കേന്ദ്ര സര്‍ക്കാര്‍ പൊട്ടിച്ച ഈ രണ്ട് വമ്പന്‍ ബോംബുകളെ പടക്കങ്ങളുടെ പേരുകളായി തെരഞ്ഞെടുത്തിരിക്കുകയാണ് യുപിയിലെ പടക്കം നിര്‍മാതാക്കള്‍. പടക്കങ്ങളേക്കാള്‍ ശബ്ദമുള്ള പേരുകള്‍ നല്‍കിയതോടെ പടക്കം വിപണിയിലെ പ്രധാന ആകര്‍ഷകങ്ങളായിരിക്കുകയാണ് നോട്ട് നിരോധന പൂത്തിരിയും ജിഎസ്ടി പടക്കങ്ങളും. 

ഉത്തര്‍പ്രദേശിന്റെ ചില ജില്ലകളിലെ ദീപാവലി മാര്‍ക്കറ്റിലെ ഏറ്റവും പ്രധാന ഉല്‍പ്പന്നങ്ങളായി ഇവ മാറിയെന്നാണ്‌ വില്‍പ്പനക്കാര്‍ പറയുന്നത്. ഒരു പെട്ടി നോട്ട് നിരോധന പൂത്തിരിക്ക് 5000 രൂപയാണ് വില വരുന്നത്. മൂന്ന് മിനിറ്റുവരെ കത്തിനില്‍ക്കാന്‍ ഇതിന് കഴിയും. നോട്ട് നിരോധനവും ജിഎസ്ടിയും മാത്രമല്ല രാഷ്ട്രീയക്കാരും പ്രധാന രാഷ്ട്രീയ വിഷയങ്ങളുമെല്ലാം പടക്കങ്ങളുടെ പേരായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, മുഖ്യമന്ത്രി ആദിത്യനാഥ്, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവരുടെ എല്ലാം പേരില്‍ പടക്കങ്ങള്‍ ലഭ്യമാണ്. 

ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുന്ന പടക്കങ്ങള്‍ക്ക് ആദിത്യനാഥിന്റേയും അഖിലേഷിന്റേയും പേരുകളാണ് നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടു കൂടി നല്‍കിയിരിക്കുന്ന പൂത്തിരിയുടെ പേര് തിളങ്ങുന്ന നക്ഷത്രമെന്നാണ്. മുഖ്യമന്ത്രിയുടെ പേരിലുള്ള പടക്കത്തിന് 22,000 രൂപയാണ് വില വരുന്നത്. ആകാശത്ത് 510 നിറങ്ങളില്‍ വിസ്മയം തീര്‍ക്കുന്ന ജിഎസ്ടിക്ക് 15,000 രൂപയാണ് വില. 

ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായാണ് ജിഎസ്ടി, നോട്ട് നിരോധനം എന്നീ പേരുകള്‍ പടക്കങ്ങള്‍ക്ക് നല്‍കിയതെന്ന് മൊത്തകച്ചവടക്കാരനായ കരം ഇലാഹി പറഞ്ഞു. ഏറ്റവും ഉയര്‍ന്ന വിലയുള്ള പടക്കങ്ങള്‍ മുതല്‍ കുറഞ്ഞ നിരക്കിലുള്ളവ വരെ വിപണിയില്‍ ലഭ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com