ഇടയ്ക്കിടെ മോദി ഗുജറാത്തിലേക്ക് പോകുന്നതിന്റെ പിന്നിലെന്താണ്? കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് വ്യക്തം

ഗുജറാത്തിലെ സ്ഥിതിഗതികള്‍ ബിജെപിക്ക് പ്രതികൂലമാണെന്നതാണ് വീണ്ടും വീണ്ടും മോദിയെ ഗുജറാത്തിലേക്ക് എത്തിക്കുന്നത്
ഇടയ്ക്കിടെ മോദി ഗുജറാത്തിലേക്ക് പോകുന്നതിന്റെ പിന്നിലെന്താണ്? കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് വ്യക്തം

അഹമ്മദാബാദ്: പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ തവണ സന്ദര്‍ശിച്ച സംസ്ഥാനം ഗുജറാത്തായിരിക്കും. ഈ ഒക്ടോബര്‍ മാസത്തില്‍ ഇത് മൂന്നാം തവണയാണ് മോദി ഗുജറാത്തിലെത്തുന്നത്. ഈ വര്‍ഷം ഒന്‍പതാം വട്ടവും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഒരു ഡസനിലധികം തവണ മോദി തന്റെ സംസ്ഥാനമായ ഗുജറാത്തിലേക്കെത്തിയിട്ടുണ്ടാകും. 

ഭവ്‌നഗര്‍, വഡോദര ജില്ലകളിലെ 1,140 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായിട്ടാണ് മോദി ഇപ്പോള്‍ ഗുജറാത്തില്‍ എത്തിയിരിക്കുന്നത്. ഡിസംബര്‍ 18ടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ അവസാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി കഴിഞ്ഞു. അങ്ങിനെ വരുമ്പോള്‍ തെരഞ്ഞെടുപ്പിന് മുന്‍പുള്ള മോദിയുടെ അവസാന ഗുജറാത്ത് സന്ദര്‍ശനമായിരിക്കും ഇപ്പോഴത്തേത്. 

ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദിയുടെ ഇടയ്ക്കിടെയുള്ള ഗുജറാത്ത് സന്ദര്‍ശനം എന്ന് എല്ലാവര്‍ക്കും വ്യക്തം. ഗുജറാത്തിലെ സ്ഥിതിഗതികള്‍ ബിജെപിക്ക് പ്രതികൂലമാണെന്നതാണ് വീണ്ടും വീണ്ടും മോദിയെ ഗുജറാത്തിലേക്ക് എത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനവും, ജിഎസ്ടിയും തന്നെയാണ് ഇവിടെ ബിജെപിക്ക് നേരെ തിരിച്ചടിക്കുന്നത്. നോട്ട് നിരോധനവും, ജിഎസ്ടി പ്രഖ്യാപനവും ഗുജറാത്തിലെ വ്യാപാര, ബിസിനസ് സമൂഹങ്ങളുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. 

ജിഎസ്ടിയില്‍ വ്യാപാരികള്‍ക്ക് ഇളവ് അനുവദിക്കുമെന്ന് ദിപാവലിക്ക് മുന്‍പായ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി മോദി, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും, അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന പശ്ചാത്തലത്തില്‍ ജിഎസ്ടിയില്‍ ഇളവ് അനുവദിക്കുന്നത് ഉറപ്പുവരുത്തണമെന്ന് മോദി കേന്ദ്ര ധനകാര്യ മന്ത്രിയോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇതുകൂടാതെ മോദി പ്രധാനമന്ത്രി പദം ഏറ്റെടുത്ത് പോന്നതിന് ശേഷം ഗുജറാത്തിലെ ബിജെപിയുടെ ശക്തിക്ക് കോട്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മോദിയുടെ അഭാവത്തില്‍ ഗുജറാത്ത് നേതൃത്വത്തില്‍ ശക്തനായ ഒരു നേതാവിനെ നിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് ശതമാനം വലിയ തോതില്‍ മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെങ്കിലും 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിനായിരുന്നു. 24 ജില്ലാ പഞ്ചായത്തുകളില്‍ ജയിച്ച കോണ്‍ഗ്രസ് 47.85 ശതമാനം വോട്ടും സ്വന്തമാക്കി. 31 ജില്ലാ പഞ്ചായത്തുകളില്‍ ആറെണ്ണത്തില്‍ മാത്രം വിജയിക്കാനാണ് ബിജെപിക്കായത്. 43.97 ശതമാനം വോട്ടാണ് അന്ന് ബിജെപിക്ക് കിട്ടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com