ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ക്കായുള്ള അന്വേഷണം; ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിക്കുന്നു

മൂന്നുവര്‍ഷം മുമ്പ് മൊസൂളില്‍ നിന്ന് ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കുന്നു
ഐഎസ് തട്ടിക്കൊണ്ടുപോയവരുടെ കുടുബാംഗങ്ങള്‍ സുഷമ സ്വരാജിനൊപ്പം
ഐഎസ് തട്ടിക്കൊണ്ടുപോയവരുടെ കുടുബാംഗങ്ങള്‍ സുഷമ സ്വരാജിനൊപ്പം

ന്യൂഡല്‍ഹി: മൂന്നുവര്‍ഷം മുമ്പ് മൊസൂളില്‍ നിന്ന് ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കുന്നു. ഇവരുടെ കുടുംബാംഗങ്ങളില്‍ നിന്ന് വിദേശ കാര്യ മന്ത്രാലയം ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കും.

ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ സിറിയയിലേക്കും ഇറാഖിലേക്കും അയക്കും. ഐഎസ് ശക്തികേന്ദ്രങ്ങളില്‍ നിന്ന് മോചിപ്പിച്ച ആളുകളുമായും കണ്ടെടുത്ത മൃതദേഹങ്ങളുമായും ഒത്തുനോക്കാനാണ് ഡിഎന്‍എ സാമ്പിളുകള്‍ അയക്കുന്നത്. 

തെളിവുകള്‍ ലഭിക്കാത്തിടത്തോളം കാലം 39പേരും മരിച്ചുവെന്ന അനുമാനത്തിലെത്തുന്നത് പാപമാണെന്ന സുഷമ സ്വരാജിന്റെ പ്രസ്താവന വന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ഡിഎന്‍എ സാമ്പിളുകള്‍ ലഭിച്ചാല്‍ അത് അവിടെ കസ്റ്റഡിയിലുള്ള ആളുകളുമായും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായും ഒത്തു നോക്കി മരിച്ചോ ഇല്ലയോ എന്ന തീരുമാനത്തിലെത്താന്‍ കഴിയും. 


തട്ടിക്കൊണ്ടുപോകപ്പെട്ട 39 ഇന്ത്യക്കാരില്‍ 25 പേരും പഞ്ചാബ് സ്വദേശികളാണ്. ഓരോ ആളുകളുടേയും ബന്ധുക്കളില്‍ നിന്ന് രണ്ട് ഡിഎന്‍എ സാമ്പിളുകളാണ് ശേഖരിക്കുന്നത്. ഒന്ന് ബാഗ്ദാദിലേക്കയക്കാനും മറ്റൊന്ന് സര്‍ക്കാരിന് ഡിഎന്‍എ റിപ്പോര്‍ട്ട് തയ്യാറാക്കാനുമാണിത്. 

ഐഎസിന്റെ പിടിയില്‍ നിന്ന് മോചിതമായ മൊസൂളിലും ബാദുഷില്‍ നിന്നുമായി കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടെയുള്ള മൃതദേഹാവശിഷ്ടങ്ങളുമായും സാമ്പിളുകള്‍ ഒത്തുനോക്കും. 

ജൂണ്‍ 2014ലാണ് ഐഎസ്  40 പേരെ തട്ടിക്കൊണ്ടു പോകുന്നത്. ഇതില്‍ ഒരാളായ ഹര്‍ജിത്ത് മാസി നാടകീയമായി രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ബാക്കി 39 പേരെയും ഐഎസ് വെടിവെച്ച് കൊന്നു എന്നാണ് ഇയാള്‍ സര്‍ക്കാരിനോട് പറഞ്ഞത്. എന്നാല്‍ ഇത് വിദേശ കാര്യ മന്ത്രാലയം വിശ്വാസത്തിലെടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com