ഗുജറാത്തിന്റെ ആതിഥ്യം കൈവിടാതെ ഇപ്പോഴും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍; തെരഞ്ഞടുപ്പ് പശ്ചാത്തലത്തില്‍ നടപടി വിവാദത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2017 10:15 PM  |  

Last Updated: 22nd October 2017 10:15 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗിക വസതി ഒഴിയാത്ത മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടി വിവാദമാകുന്നു. സംസ്ഥാന സര്‍വീസില്‍ ജോലി ചെയ്യുമ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ് മാസങ്ങള്‍ കഴിഞ്ഞിട്ടും അച്ചല്‍ കുമാര്‍ ജോതി ഒഴിയാത്തതാണ് വിവാദമായിരിക്കുന്നത്. ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധിയായി 2016 അവസാനം വരെയാണ് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയോഗിക്കുകയായിരുന്നു 2017ജൂലായിലാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനകയറ്റം ലഭിച്ചത്. 

കേന്ദ്ര അഡ്മിനിസ്്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇക്കാര്യം പുറത്തായതെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സര്‍ക്കാരുകളുമായും തുല്യ അകലം പാലിക്കേണ്ട് സ്വതന്ത്രഭരണഘടനാ പദവിയാണിത്. എന്നാല്‍ നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഇത് ബാധകമല്ലെന്ന് കാണിക്കുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

ഗുജറാത്ത, ഹിമാചല്‍ നിയമസഭകളുടെ കാലവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് മാത്രമാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. സാധാരണ നിലയില്‍ ആറ് മാസത്തിനിടയില്‍ കാലവധി പൂര്‍ത്തിയാകുന്ന നിയമസഭകളുടെ തെരഞ്ഞെടുപ്പ് തിയ്യതി ഒരേ സമയം പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കം. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞ് ഹിമാചല്‍ തെരഞ്ഞെടുപ്പ് മാത്രം പ്രഖ്യാപിക്കുകയായിരുന്നു കമ്മീഷന്‍ ചെയ്തത്. ഗുജറാത്ത് തെരഞ്ഞടുപ്പ് പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികളാണ് ആഴ്ചകള്‍ക്കിടയില്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നില്‍ കണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് തവണയാണ് മോദി ഗുജറാത്ത് സന്ദര്‍ശിച്ചത്. നിരവധി പദ്ധതികളുടെ ഉദ്ഘാടനും നിരവധി പദ്ധതികളുടെ ശിലാസ്ഥാപന കര്‍മവും മോദി നിര്‍വഹിച്ചിരുന്നു. അതിന് പിന്നാലെയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഗുജറാത്ത് സ്‌നേഹം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്