ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു; ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയായി പട്ടിദാര്‍ വിഭാഗം നേതാവിന്റെ വെളിപ്പെടുത്തല്‍

എന്നാല്‍ റിസര്‍വ് ബാങ്കിലുള്ള പണം മുഴുവന്‍ തന്നാലും തന്നെ വിലയ്ക്ക് വാങ്ങാന്‍ സാധിക്കില്ലെന്നായിരുന്നു നരേന്ദ്ര പട്ടേലിന്റെ നാടകീയമായ പ്രഖ്യാപനം
ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു; ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയായി പട്ടിദാര്‍ വിഭാഗം നേതാവിന്റെ വെളിപ്പെടുത്തല്‍

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കി ഹര്‍ദിക് പട്ടേല്‍ അനുയായിയുടെ വെളിപ്പെടുത്തല്‍. ബിജെപിയില്‍ ചേരുന്നതിന് ഒരു കോടി രൂപ പാര്‍ട്ടി വാഗ്ദാനം ചെയ്തതായാണ്, പട്ടേല്‍ സംവരണത്തിന് വേണ്ടി ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്ന നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തുന്നത്. 

ഉത്തര ഗുജറാത്തിലെ പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ കണ്‍വീനറായ തന്നെ, മറ്റൊരു നേതാവായ വരുണ്‍ പട്ടേലിലൂടെ ബിജെപിയിലെത്തിക്കാന്‍ അവര്‍ ശ്രമിച്ചതായാണ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍. ഇതിനായി ഒരു കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തത്. ഞയറാഴ്ച നരേന്ദ്ര പടേല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. 

10 ലക്ഷം രൂപ അഡ്വാന്‍സായി തന്നു. 90 ലക്ഷം രൂപ അടുത്ത ദിവസം നല്‍കാമെന്നാണ് വാഗ്ദാനം. എന്നാല്‍ റിസര്‍വ് ബാങ്കിലുള്ള പണം മുഴുവന്‍ തന്നാലും തന്നെ വിലയ്ക്ക് വാങ്ങാന്‍ സാധിക്കില്ലെന്നായിരുന്നു നരേന്ദ്ര പട്ടേലിന്റെ നാടകീയമായ പ്രഖ്യാപനം.

ബിജെപിയുടേയും, വരുണ്‍ പട്ടേലിന്റേയും യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവരുന്നതിന് വേണ്ടിയാണ് താന്‍ 10 ലക്ഷം രൂപ സ്വീകരിച്ചതെന്നും നരേന്ദ്ര പട്ടേല്‍ പറയുന്നു. 10 ലക്ഷം രൂപ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഞായറാഴ്ച രാത്രിയായിരുന്നു നരേന്ദ്ര പട്ടേലിന്റെ വാര്‍ത്താ സമ്മേളനം. 

ഗുജറാത്തില്‍ വിശാല സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിടവെയാണ് പട്ടിദാര്‍ നേതാക്കളെ വലവീശി പിടിക്കാന്‍ ബിജെപി പണം എറിഞ്ഞതായുള്ള വെളിപ്പെടുത്തല്‍ വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com