ബിജെപി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; ഒരന്വേഷണത്തെയും സിപിഐഎം ഭയക്കുന്നില്ല: യെച്ചൂരി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2017 08:03 PM  |  

Last Updated: 24th October 2017 08:03 PM  |   A+A-   |  

ന്യൂഡല്‍ഹി : കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാന്‍  അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ചില കൊലക്കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍ സിബിഐ ഇടപെടല്‍ ഇതിന്റെ തെളിവാണ്.  എന്നാല്‍ ഒരു അന്വേഷണത്തെയും സിപിഐ എം ഭയക്കുന്നില്ലെന്ന് സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. ഈ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന ഇടപെടല്‍ ഫെഡറല്‍ സംവിധാനത്തിനുനേരെയുള്ള കടന്നാക്രമണമാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശനത്തിനുശേഷമാണ് സിബിഐയുടെ  പുതിയനീക്കം. അമിതാധികാരസ്വഭാവം പ്രകടിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഹീനമായ നിലയില്‍ ഭരണഘടനസ്ഥാപനങ്ങളെ ഉപയോഗിക്കുന്നു.  ഭരണഘടന മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഈ കടന്നാക്രമണത്തെ ചെറുക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഇതര സര്‍ക്കാരുകള്‍  രംഗത്തുവരണമെന്ന് സീതാറാം യെച്ചൂരി അഭ്യര്‍ഥിച്ചു.