ഹാര്‍ദിക് പട്ടേലും രാഹുല്‍ഗാന്ധിയും ഒരേ ഹോട്ടലില്‍;  ഹോട്ടല്‍ മുറികളില്‍ ഐബിയുടെയും പൊലീസിന്റെയും റെയ്ഡ്

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 24th October 2017 09:36 AM  |  

Last Updated: 24th October 2017 09:36 AM  |   A+A-   |  

 

അഹമ്മദാബാദ് : പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി താമസിക്കുന്ന ഹോട്ടലിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെ ഹോട്ടല്‍ മുറികളില്‍ ഇന്റലിജന്‍സ് ബ്യൂറോയും പൊലീസും റെയ്ഡ് നടത്തിയെന്ന് ആരോപണം.
കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോട്ടാണ് ആരോപണം ഉന്നയിച്ചത്. ഹാര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഗെഹലോട്ട് അറിയിച്ചു. 

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഹാര്‍ദിക് പട്ടേല്‍ തന്റെ മുറിയിലെത്തി ചര്‍ച്ച നടത്തിയത്. രാഹുലുമായി ഹാര്‍ദിക് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അശോക് ഗെഹലോട്ട് പറഞ്ഞു. ഗെഹലോട്ടുമായി കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ഹാര്‍ദിക്, പട്ടിദാര്‍ സമുദായത്തിന്റെ ആവശ്യങ്ങളും ആശങ്കകളും അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചെന്നും വ്യക്തമാക്കി. 

ഹാര്‍ദികും ജിഗ്നേഷ് മേവാനിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഹോട്ടല്‍ മുറികളില്‍ പൊലീസും ഐബിയും പരിശോധന നടത്തിയതെന്ന് ഗെഹലോട്ട് പറഞ്ഞു. ഹാര്‍ദികും ജിഗ്നേഷും ക്രിമിനലുകളോ, പിടികിട്ടാപ്പുള്ളികളോ ആണോ എന്ന് ബിജെപി വ്യക്തമാക്കണം. ഇരുവരുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയപ്പോള്‍ പരിശോധന നടത്തിയിരുന്നില്ല. ഇപ്പോഴത്തെ റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഇവരുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും ഗോഹലോട്ട് പറഞ്ഞു. 

രാഹുല്‍ ഗാന്ധിയും ഹാര്‍ദിക് പട്ടേലും ഒരു ഹോട്ടലില്‍ ഉണ്ടായിരുന്നെങ്കിലും, ഇരുവരും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ഗുജറാത്ത്  പിസിസി അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയും അറിയിച്ചു. കോണ്‍ഗ്രസ് കള്ളനും, ബിജെപി പെരുങ്കള്ളനുമാണ്. പെരുങ്കള്ളനെ കീഴ്‌പ്പെടുത്താന്‍ കള്ളന്റെ സഹായം അനിവാര്യമാണെങ്കില്‍ അതിനും തയ്യാറാണെന്ന് മണ്ഡലിലെ ഒരു റാലിയില്‍ സംസാരിക്കവെ ഹാര്‍ദിക് പട്ടേല്‍ അഭിപ്രായപ്പെട്ടിരുന്നു.