ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഡിസംബര്‍ 9 നും 14 നും വോട്ടെടുപ്പ്

എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഡിസംബര്‍ 9 നും 14 നും വോട്ടെടുപ്പ്

ന്യൂഡല്‍ഹി : കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 9 നും 14 നും വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണല്‍ നടക്കുന്ന ഡിസംബര്‍ 18 ന് തന്നെയാകും ഗുജറാത്തിലും വോട്ടെണ്ണല്‍ നടക്കുക. 

50,128 പോളിംഗ് സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കും. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് അറിയുന്നതിനുള്ള വിവിപാറ്റ് സംവിധാനം ഉണ്ടാകുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് മാത്രമായുള്ള 102 പോളിംഗ് സ്‌റ്റേഷനുകളും ഉണ്ടാകും. 

ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ച് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്. ഇത് സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാലയളവില്‍ സംസ്ഥാന സര്‍ക്കാരും, കേന്ദ്രവും നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഗുജറാത്തിലെത്തി റോ-റോ ഫെറി സര്‍വീസ് അടക്കം നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. 

വോട്ടെടുപ്പ് പ്രഖ്യാപനം നീണ്ടുപോയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ ഗുജറാത്തില്‍ വോട്ടെടുപ്പ് തീയതി പ്രഖ്യാപനം വൈകിയത് ഉത്സവ സീസണ്‍, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥ തുടങ്ങിയവ മുന്‍നിര്‍ത്തിയാണെന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എകെ ജ്യോതി അഭിപ്രായപ്പെട്ടത്.   182 അംഗങ്ങളുളള ഗുജറാത്ത് നിയമസഭയുടെ കാലാവധി ജനുവരി 23 നാണ് അവസാനിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com