ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ജപ്പാന്‍ - ഇന്ത്യ- അമേരിക്ക ബദല്‍ പാത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2017 10:31 PM  |  

Last Updated: 26th October 2017 10:31 PM  |   A+A-   |  

ടോക്യോ : ഇന്ത്യയുടെയും അമേരിക്കയുടെയും സഹകരണത്തോടെ ചൈനയുടെ സ്വപ്‌ന പദ്ധതിയായ ഒരു പാത ഒരു പ്രദേശം പദ്ധതിക്ക് (obor) ബദല്‍ അവതരിപ്പിക്കാന്‍ ജപ്പാന്‍ ഒരുങ്ങുന്നു. ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും കുറുകെ അതിവേഗ തുറമുഖങ്ങളും റോഡ് ശൃംഖലയും ഒരുക്കി ചൈനയുടെ ഒരു പാത ഒരു പ്രദേശം പദ്ധതിയോട്് മത്സരിക്കാനാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. സ്വതന്ത്ര വ്യാപാരവും, പ്രതിരോധ സഹകരണവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ജപ്പാന്‍ ഇത്തരം ഒരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. 

ആഗോളതലത്തിലെ ചൈനയുടെ ഭീഷണി കണക്കിലെടുത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഒരു സഖ്യശക്തി രൂപപ്പെട്ടുവരുകയാണ്. അമേരിക്കയുടെ തന്ത്രപരമായ പങ്കാളി എന്ന നിലയില്‍ ഇന്ത്യയ്ക്കും, ജപ്പാനും പുറമേ ഓസ്‌ട്രേലിയയും അടങ്ങുന്നതാണ് ഈ സഖ്യശക്തി. ഈ പശ്ചാത്തലത്തില്‍ ജപ്പാന്‍ മുന്നോട്ടുവെയ്ക്കുന്ന സാമ്പത്തിക പ്രതിരോധ സഹകരണ പദ്ധതിക്ക് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നു.

വൈകാതെ തന്നെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ ഈ സ്വപ്‌നപദ്ധതി അമേരിക്കയ്ക്ക് മുന്‍പില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ചതുര്‍ രാഷ്ട്ര ചര്‍ച്ചയ്ക്ക് വഴിവെക്കുന്ന ഈ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ച നവംബര്‍ ആറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടക്കുമെന്ന് നിക്കി ബിസിനസ്സ് ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജപ്പാന്റെ പുതിയ പദ്ധതി നിര്‍ദേശം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഇന്ത്യയെ പ്രകോപിപ്പിച്ച് പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലുടെ കടന്നുപോകുന്ന നിര്‍ദിഷ്ട സാമ്പത്തിക ഇടനാഴി ഒരു പ്രദേശം ഒരു പാത പദ്ധതിയുടെ ഭാഗമാണ്.  എതിര്‍പ്പുകള്‍ മാറ്റിവെച്ച് ഇന്ത്യ ഈ പദ്ധതിയുമായി സഹകരിക്കണമെന്നതാണ് ചൈനയുടെ നിലപാട്. എന്നാല്‍ ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന സുരക്ഷ പ്രശ്‌നങ്ങളില്‍ വീട്ടുവീഴ്ച ചെയ്യാന്‍ ചൈന തയ്യാറുമല്ല. ഈ ഘട്ടത്തില്‍ ജപ്പാന്‍ മുന്നോട്ടുവെയ്ക്കുന്ന പുതിയ പദ്ധതി നിര്‍ദേശം ചൈനയ്ക്ക് വെല്ലുവിളിയാകും

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടീലേഴ്‌സണിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ജപ്പാന്റെ പുതിയ നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയുമായുളള ഉഭയകക്ഷി ചര്‍ച്ചയില്‍ ചൈനയുടെ നീക്കത്തിന് പകരമായി ദക്ഷിണേഷ്യക്കും ഏഷ്യ - പസഫിക്കിനും കുറുകെ റോഡുകളും, തുറമുഖങ്ങളും വികസിപ്പിക്കുന്നതിന്റെ സാധ്യതകള്‍ റെക്‌സ് ടീലേഴ്‌സണ്‍ തേടിയിരുന്നു.  ഇതിന് പിന്നാലെയാണ് ആഫ്രിക്കയെയും ഏഷ്യയെയും ബന്ധിക്കുന്ന നിലയിലുളള വിപുലമായ പദ്ധതിയ്ക്ക് ജപ്പാന്‍ രൂപം നല്‍കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.