ടിപ്പുവിനെ പ്രകീര്‍ത്തിച്ച രാഷ്ട്രപതിയ്‌ക്കെതിരെ ബിജെപി; ടിപ്പു മിസൈലുകള്‍ വികസിപ്പിച്ച ആളെങ്കില്‍ എന്തുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രയോഗിച്ചില്ലെന്ന് ബിജെപി എംപി

കോണ്‍ഗ്രസിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് രാഷ്ട്രപതി സംസാരിച്ചതെന്ന് കര്‍ണാടക ബിജെപി എംഎല്‍എ അരവിന്ദ ലിംബാവാലി
ടിപ്പുവിനെ പ്രകീര്‍ത്തിച്ച രാഷ്ട്രപതിയ്‌ക്കെതിരെ ബിജെപി; ടിപ്പു മിസൈലുകള്‍ വികസിപ്പിച്ച ആളെങ്കില്‍ എന്തുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രയോഗിച്ചില്ലെന്ന് ബിജെപി എംപി

ബംഗളൂരു :  ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ ബിജെപി എംപി രംഗത്ത്. കര്‍ണാടകയിലെ ബിജെപി എംപി പ്രതാപ് സിംഹയാണ് ട്വിറ്ററിലൂടെ രാഷ്ട്രപതിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. മൈസൂരിന്റെ പുരോഗതിക്കായി വഴിതെളിച്ച ഭരണാധികാരിയും യുദ്ധത്തിനായി റോക്കറ്റ് ഉപയോഗിച്ച പോരാളിയുമാണ് ടിപ്പുസുല്‍ത്താനെന്ന രാഷ്ട്രപതിയുടെ പരാമര്‍ശം അദ്ദേഹം ചോദ്യം ചെയ്തു. ടിപ്പു സുല്‍ത്താന്‍ മിസൈല്‍ കണ്ടുപിടിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് അവ ബ്രിട്ടീഷുകാര്‍ക്ക് നേരെ ഉപയോഗിച്ചില്ല. ടിപ്പുവാണ് മിസൈല്‍ സാങ്കേതികവിദ്യയുടെ മുന്‍ഗാമിയെങ്കില്‍ എന്തുകൊണ്ട് മൂന്നും നാലും ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളില്‍ ടിപ്പു പരാജയപ്പെട്ടു. എന്തുകൊണ്ട് ഈ യുദ്ധങ്ങളില്‍ അവ എതിരാളികള്‍ക്ക് നേരെ പ്രയോഗിച്ചില്ലെന്നും പ്രതാപ് സിംഹ ചോദിച്ചു. 

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ടിപ്പു വീരചരമം പ്രാപിക്കുകയായിരുന്നു എന്ന രാഷ്ട്രപതിയുടെ പരാമര്‍ശവും പ്രതാപ് സിംഹ ചോദ്യം ചെയ്തു. പോരാടിയാണ് ടിപ്പു മരിച്ചതെങ്കില്‍ അത് യുദ്ധക്കളത്തിലാകേണ്ടതാണ്. എന്നാല്‍ ടിപ്പു മരിച്ചത് കൊട്ടാരത്തില്‍ വെച്ചാണെന്നും ബിജെപി എംപി ട്വിറ്ററില്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് രാഷ്ട്രപതി സംസാരിച്ചതെന്ന് കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ ലിംബാവാലി ആരോപിച്ചു. കോണ്‍ഗ്രസ് രാഷ്ട്രപതിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്‌തെന്നും ലിംബാവാലി അഭിപ്രായപ്പെട്ടു. കര്‍ണാടക വിധാന്‍ സഭയുടെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചേര്‍ന്ന സംയുക്ത നിയമസഭ സമ്മേളനത്തിലാണ് മൈസൂര്‍ രാജാവായിരുന്ന ടിപ്പുവിനെപറ്റി  രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പരാമര്‍ശം. 

മിസൈല്‍ സാങ്കേതിക വിദ്യയുടെ മുന്‍ഗാമിയാണ് ടിപ്പുസുല്‍ത്താന്‍. പിന്നീട് യൂറോപ്യന്മാര്‍ ഈ സാങ്കേതിക വിദ്യ സ്വീകരിക്കുകയായിരുന്നു. മൈസൂരിന്റെ പുരോഗതിക്കായി വഴിതെളിച്ച ഭരണാധികാരിയായ ടിപ്പു, ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയാണ് വീരചരമം പ്രാപിച്ചതെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു. ടിപ്പു ജയന്തിക്കെതിരെ ബിജെപി രംഗത്തു വന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കാരന്‍ കൂടിയായ രാഷ്ട്രപതി ടിപ്പുവിനെ വാഴ്ത്തിയത് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. 

നവംബര്‍ 10നാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. 2015 മുതലാണ് സര്‍ക്കാര്‍ ടിപ്പു ജയന്തി സംഘടിപ്പിച്ചു വരുന്നത്. എന്നാല്‍ ഇത്തവണത്തെ ടിപ്പു ജയന്തി ആഘോഷത്തിലേക്ക് തന്നെ ക്ഷണിക്കേണ്ടെന്ന കേന്ദ്ര നൈപുണ്യ വികസന വകുപ്പ് സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ കത്ത് വിവാദമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com