മുത്തലാഖ് ക്രിമിനല്‍ കുറ്റം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ 

ഐ.പി.സി. 497ാം വകുപ്പിന് തുടര്‍ച്ചയായി പുതിയൊരു ഉപവകുപ്പ്, 497(എ) കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്
മുത്തലാഖ് ക്രിമിനല്‍ കുറ്റം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി മാറ്റി ഇന്ത്യന്‍ ശിക്ഷാ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. മുത്തലാഖ് നിരോധിച്ച് പുതിയ നിയമം ഉണ്ടാക്കില്ല. ഐ.പി.സി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമമായ 497ാം വകുപ്പിന് തുടര്‍ച്ചയായി പുതിയൊരു ഉപവകുപ്പ്, 497(എ) കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതിനുള്ള ബില്‍ മന്ത്രിസഭയുടെ അനുമതിക്കുശേഷം പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും.


സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചശേഷവും ഇത്തരം സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍കൂടിയാണ് മുത്തലാഖ്  ക്രിമിനല്‍കുറ്റമാക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങള്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഓഗസ്റ്റ് 22നാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ആറുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. 


ശരിയത്ത് പ്രകാരം മൂന്നുവിധത്തിലുള്ള തലാഖ് ചൊല്ലലാണുള്ളത്. ഇവയില്‍ ആദ്യത്തെ രണ്ടെണ്ണവും സുപ്രീംകോടതി നിരോധിച്ചിട്ടില്ല. ഒറ്റടയിക്കുള്ള തലാഖ് ചൊല്ലലും വിവാഹം വേര്‍പെടുത്തലുമാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. മുത്തലാഖ് ശിക്ഷാര്‍ഹമാക്കുംവിധം നിയമമുണ്ടാക്കിയാലേ തങ്ങളുടെ പോരാട്ടം പൂര്‍ണമാവൂ എന്ന് സുപ്രീംകോടതിയെ സമീപിച്ച ശായറാ ബാനോ, ഇസ്രത്ത് ജഹാന്‍ എന്നിവര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com