ക്ഷേത്രത്തിലെ വിഗ്രഹം ചുരുങ്ങുന്നു?  അഭിഷേകത്തിന് ഓസ്‌മോസിസ് ജലം ഉപയോഗിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

വിഗ്രഹത്തില്‍ പഞ്ചാമൃത അഭിഷേകം നടത്തുന്നതിനും കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി
ക്ഷേത്രത്തിലെ വിഗ്രഹം ചുരുങ്ങുന്നു?  അഭിഷേകത്തിന് ഓസ്‌മോസിസ് ജലം ഉപയോഗിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ വിഗ്രഹം ചുരുങ്ങുകയാണെന്ന പരാതിയെത്തുടര്‍ന്ന് അഭിഷേകത്തിന് റിവേഴ്‌സ് ഓസ്‌മോസിസ് വഴി ശുദ്ധീകരിച്ച ജലം ഉപയോഗിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം. വിഗ്രഹത്തില്‍ പഞ്ചാമൃത അഭിഷേകം നടത്തുന്നതിനും കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി.  

ക്ഷേത്രത്തിലെ വിഗ്രഹം ചുരുങ്ങുകയാണെന്ന് ഉജ്ജയിന്‍ വിദ്വത് പരിഷത്താണ് വാദമുന്നയിച്ചത്. പഞ്ചാമൃതവും ഭാംഗും അഭിഷേകം ചെയ്യുന്നതാണ് ഇതിനു കാരണമെന്നും പരിഷത്ത് ആരോപിച്ചിരുന്നു. കേസ് കോടതിയില്‍ എത്തിയതിനെത്തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ കോടതി സമിതിയെ നിയോഗിച്ചു. സമിതി നില്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിര്‍ദേശം. 

ആര്‍ക്കിയോളജിക്കല്‍ സര്‍വേ, ജിയോളജിക്കല്‍ സര്‍വേ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചാമൃത, ജല അഭിഷേകങ്ങള്‍ നിയന്ത്രിച്ച് കോടതി നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഭാംഗും പഞ്ചാമൃതവും നിയന്ത്രണമില്ലാതെ അഭിഷേകം നടത്തുന്നത് വിഗ്രഹം ചുരുങ്ങുന്നതിനുകാരണമായിട്ടുണ്ടെന്ന് ഉജ്ജയിന്‍ വിദ്വത് പരിഷത്ത് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഭാംഗ് അല്ല, പാലും തൈരും നെയ്യും തേനും പഞ്ചസാരയും ചേര്‍ന്ന പഞ്ചാമൃതമാണ് വിഗ്രഹത്തിന് ഭീഷണിയാവുന്നത് എന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. 

ജല അഭിഷേകത്തിനായുള്ള വെളളത്തിന്റെ അളവിലും സുപ്രിം കോടതി നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. അഭിഷേകത്തിന് അര ലിറ്റര്‍ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് കോടതി നിര്‍ദേശം. പാലഭിഷേകത്തിന് ഒന്നേകാല്‍ ലിറ്ററിലധികം പാല്‍ ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com