ടിപ്പുവിന്റെയും താജിന്റെയും ചരിത്രം ചികഞ്ഞ് രാഷ്ട്രീയക്കാര്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്നു: പ്രകാശ് രാജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2017 08:14 PM  |  

Last Updated: 28th October 2017 08:14 PM  |   A+A-   |  

 

ചെന്നൈ: അനാവശ്യമായി ചരിത്രം ചികഞ്ഞ്, വെറുപ്പ് സൃഷ്ടിച്ച് രാഷ്ട്രീയക്കാര്‍ എന്തിനാണ് സമയം കളയുന്നതെന്ന് നടന്‍ പ്രകാശ് രാജ്. ജീവിച്ചിരിക്കുന്നവര്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത ടിപ്പു സുല്‍ത്താന്റെയും താജ്മഹലിന്റെയും ചരിത്രം പറഞ്ഞ് ജനങ്ങളുടെ ഇടയില്‍ വെറുപ്പ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കാണാതെ, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ   രാജ്യത്തെ റോഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയവയുടെ വികസനത്തിന് ഊന്നല്‍ നല്‍കാതെ, ഭരണത്തിലും വികസനത്തിലും ശ്രദ്ധിക്കാതെ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് രാഷ്ട്രീയപ്രവര്‍ത്തകരുടെ ലക്ഷ്യമെന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു

കര്‍മഫലം ചെയ്ത് പൂര്‍വികര്‍ കടന്നുപോയി. എന്നാല്‍ അവരെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ മുന്‍നിറുത്തി നമ്മളെന്താനാണ് തമ്മിലടിക്കുന്നതെന്നും പ്രകാശ് രാജ് ചോദിച്ചു. സാമൂഹ്യപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായി ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രകാശ് രാജ് നടത്തിയ പ്രതികരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു