രവിശങ്കറിന്റെ "ടെമ്പിള്‍ ഓഫ് നോളജ്‌" പൊളിച്ചു നീക്കാന്‍ ഹരിത ട്രൈബ്യൂണല്‍; നിര്‍മ്മാണം പരിസ്ഥിതി ലോല മേഖലയില്‍

നിയമങ്ങള്‍ തെറ്റിച്ച് പരിസ്ഥിതി ലോല പ്രദേശത്ത് അതിക്രമം നടത്തിയതിന് രവിശങ്കറില്‍ നിന്ന് പിഴയീടാക്കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്
 രവിശങ്കറിന്റെ "ടെമ്പിള്‍ ഓഫ് നോളജ്‌" പൊളിച്ചു നീക്കാന്‍ ഹരിത ട്രൈബ്യൂണല്‍; നിര്‍മ്മാണം പരിസ്ഥിതി ലോല മേഖലയില്‍

കൊല്‍ക്കത്ത: ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ രവിശങ്കര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് നിര്‍മ്മിച്ച കെട്ടിടം പൊളിച്ചുനീക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി. രവിശങ്കറിന്റെ വൈദിക് ധര്‍മ്മ സന്‍സ്ഥാന്‍ ട്രസ്റ്റിന് കീഴിലുള്ള അനധികൃത കെട്ടിടം പൊളിച്ചു നീക്കാന്‍ ട്രൈബ്യൂണല്‍ ഈസ്റ്റ് കൊല്‍ക്കത്ത വെറ്റ്‌ലാന്റ് മാനേജ്‌മെന്റ് അതോറിറ്റിയോട് ആവശ്യപ്പെട്ടു. നിയമങ്ങള്‍ തെറ്റിച്ച് പരിസ്ഥിതി ലോല പ്രദേശത്ത് അതിക്രമം നടത്തിയതിന് രവിശങ്കറില്‍ നിന്ന് പിഴയീടാക്കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

2016ലാണ് രവിശങ്കര്‍ നിയമങ്ങള്‍ തെറ്റിച്ച് പരിസ്ഥിതി ലോലപ്രദേശത്ത് കയ്യേറ്റം നടത്തി എന്നാരോപിച്ച് പബ്ലിക് എന്ന പരിസ്ഥിതി സംഘടന ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

ടെമ്പിള്‍ ഓഫ് നോളജ് എന്ന പേരിട്ട് രവിശങ്കര്‍ ആരംഭിച്ച സ്ഥാപനം നിയമങ്ങള്‍ തെറ്റിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ഈസ്റ്റ് കൊല്‍ക്കത്ത വെറ്റ്‌ലാന്റ് മാനേജ്‌മെന്റ് അതോറിറ്റി ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 

അതീവ പരിസ്ഥിതി ലോലപ്രദേശമായ ഇവിടെ ഒരു നിയമവും പാലിക്കാതെയാണ് രവിശങ്കറിന്റെ സംഘടന മൂന്നുനില കോണ്‍ക്രീറ്റ് കെട്ടിടം കെട്ടിപ്പൊക്കിയത്. 2006ലെ പശ്ചിമ ബംഗാള്‍ പരിസ്ഥിതി ലോല പ്രദേശ സംരക്ഷണ നിയമത്തിന്റെ സമ്പൂര്‍ണ്ണ ലംഘനമാണ് രവിശങ്കര്‍ നടത്തിയത് എന്ന് പരിസ്ഥിതി സംഘടന ആരോപിക്കുന്നു. 

കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് വിവരങ്ങള്‍ ആരാഞ്ഞ് രണ്ട് തവണ ഈസ്റ്റ് കൊല്‍ക്കത്ത വെറ്റ്‌ലാന്റ് മാനേജ്‌മെന്റ് അതോറിറ്റി വൈദിക് ധര്‍മ്മ സന്‍സ്ഥാന് നോട്ടീസ് നല്‍കിയിരുന്നു. 

ലോക സാംസ്‌കാരികോത്സവം എന്ന പേരില്‍ പരിപാടി നടത്തി യമുനാതടം നശിപ്പിച്ച രവിശങ്കറിനെതിരെ മുമ്പ് ഹരിത ട്രൈബ്യൂണല്‍ പിഴയീടാക്കിയിരുന്നു. ലോക സാംസ്‌കാരികോത്സവം നടത്തിയതിനെ തുടര്‍ന്ന് നശിപ്പിക്കപ്പെട്ട യമുനാതടം പൂര്‍വസ്ഥിതിയിലാക്കണമെങ്കില്‍ 42 കോടി രൂപ ചെലവു വരുമെന്ന് വിദഗ്ധ സമിതി കണ്ടെത്തിയുരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഹരിത ട്രൈബ്യൂണലിന്റേയും പരിസ്ഥിതി സംഘടനകളുടേയും എതിര്‍പ്പിനെ മറികടന്ന് രവിശങ്കറും കൂട്ടരും യമുനാ തീരത്ത് പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. യമുനയുടെ ഇരു കരയിലുമായി 420 ഏക്കര്‍ സ്ഥലമെങ്കിലുമാണ് പരിപാടിയുടെ പേരില്‍ നശിപ്പിച്ചത് എന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തിയ സമിതിയുടെ കണ്ടെത്തല്‍.ഇതേത്തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണല്‍ അഞ്ചുകോടി രൂപ പിഴയീടാക്കാന്‍ വിധിച്ചത്. പരിസ്ഥിതി തകര്‍ന്നു എന്ന വാദം അശാസ്ത്രീയവും മുന്‍വിധിയോടെയുള്ളതുമാണ് എന്നായിരുന്നു രവിശങ്കറിന്റെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com