ഹൈക്കോടതി വിധികള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കണമെന്ന് രാഷ്ട്രപതി

കൊച്ചിയില്‍, ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഹൈക്കോടതി വിധികള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കണമെന്ന് രാഷ്ട്രപതി

കൊച്ചി: ഹൈക്കോടതി വിധികള്‍ പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്ത് ലഭ്യമാക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രണ്ടു ദിവസത്തിനുള്ളില്‍ ഇവ ആവശ്യക്കാര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള സംവിധാനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍, ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

ഹൈക്കോടതി ജഡ്ജിമാര്‍ ഇഗ്ലീഷിലാണ് വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നത്. എന്നാല്‍, ഇന്ത്യ വിവിധങ്ങളായ ഭാഷകളുടെ നാടാണ്. കോടതിയില്‍ ഹര്‍ജി നല്‍കുന്ന ആള്‍  ഇഗ്ലീഷ് ഭാഷ അറിയുന്ന ആളായിരിക്കണമെന്നില്ല. അതിനാല്‍ തന്നെ വിധിയുടെ വിശദാംശങ്ങള്‍ക്കായി കക്ഷികള്‍ക്ക് അഭിഭാഷകനെയോ അല്ലെങ്കില്‍ മറ്റാരെയെങ്കിലുമോ ആശ്രയിക്കേണ്ടി വരും. ഇത് കൂടുതല്‍ സമയം നഷ്ടപ്പെടാന്‍ കാരണമാവും. 

കോടതി ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുക മാത്രമല്ല ചെയ്യേണ്ടത്. വിധി ന്യായത്തിലുള്ളത് എന്താണെന്ന് സാധാരണ ഹര്‍ജിക്കാര്‍ക്ക് കൂടി അവരുടെ ഭാഷയില്‍ മനസിലാക്കി കൊടുക്കുകയാണ് വേണ്ടതെന്നും രാഷ്ട്രപതി പറഞ്ഞു. പല കേസുകളിലും നീതി ലഭിക്കാന്‍ വൈകുന്നത് ആശങ്കപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഇങ്ങനെ നീതി ലഭിക്കാന്‍ വൈകുന്നത് കൊണ്ട് ഏറെ കഷ്ടപ്പാട് അനുഭവിക്കുന്നത് സമൂഹത്തിലെ പാവപ്പെട്ടവരും അവകാശങ്ങള്‍ ഹനിക്കപ്പെട്ട വിഭാഗങ്ങളാണ്. 

കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനങ്ങള്‍ നമ്മള്‍ ഉറപ്പുവരുത്തണം. അത്യവശ്യ ഘട്ടങ്ങളില്‍ അല്ലാതെ കേസുകള്‍ പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കുന്ന രീതി ഇല്ലാതാക്കണം. ദീര്‍ഘനാളത്തെ കോടതി വ്യവഹാരങ്ങള്‍ കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com