പ്രധാനമന്ത്രിയുടെ വിദേശയാത്രയുടെ നേട്ടങ്ങള്‍ അളക്കാനാകില്ല; കേന്ദ്ര വിവരാവകാശ കമ്മീഷന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2017 10:57 AM  |  

Last Updated: 30th October 2017 10:57 AM  |   A+A-   |  

 

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് അളക്കാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. കേന്ദ്രവിവരാവകാശ കമ്മീഷന് നല്‍കിയ മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഇത്തരം കാര്യങ്ങള്‍ ഔദ്യോഗിക റെക്കോഡുകളില്‍ രേഖപ്പെടുത്താറില്ലെന്നും പിഎം ഓഫീസ് അറിയിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍, യാത്രയ്ക്ക് ചെലവഴിച്ച തുക, എത്ര മണിക്കൂര്‍ എവിടെയൊക്കെ ചെലവഴിച്ചു, യാത്രയുടെ നേട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചുകൊണ്ട് ക്രിതിവാസ് മണ്ഡല്‍ എന്നയാള്‍ 2016 ജൂണില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നായിരുന്നു അപേക്ഷകന് ലഭിച്ച മറുപടി. 

എന്നാല്‍ വിദേശയാത്രയില്‍ എത്രമണിക്കൂര്‍ എവിടെയൊക്കെ ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങളില്‍ വെബ്‌സൈറ്റില്‍ കൃത്യമായ വിവരം ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ക്രിതിവാസ്, കേന്ദ്ര വിവരാവകാശ കമ്മീഷന് അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്രയുടെ ചെലവിനുള്ള ഫണ്ട് എവിടെ നിന്നാണെന്ന കാര്യത്തിലും വ്യക്തമായ മറുപടിയില്ലെന്ന് ക്രിതിവാസ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. 

തുടര്‍ന്ന് ഒക്ടോബര്‍ 10 ന് നടന്ന വാദത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശയാത്രകളുടെ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് അളക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. ഇക്കാര്യം ഔദ്യോഗിക റെക്കോഡുകളില്‍ രേഖപ്പെടുത്താറില്ലെന്ന് അപേക്ഷകനെ അറിയിച്ചിരുന്നതായും പിഎം ഓഫീസ് സൂചിപ്പിച്ചു. വിദേശയാത്രയുടെ ചെലവ് കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് വഹിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കേന്ദ്ര മുഖ്യവിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാഥൂര്‍ അറിയിച്ചു.