വീണ്ടും ചൈനയുടെ പ്രകോപനം; ബ്രഹ്മപുത്ര നദിയിലെ ജലമൂറ്റാന്‍ ടണല്‍ പദ്ധതിയുമായി ചൈന

ലോകത്തെ തന്നെ ഏറ്റവും വലിയ ടണല്‍ പദ്ധതി വഴി സിന്‍ജിയാങിനെ ജലസമൃദ്ധമാക്കാനാണ് ചൈന പദ്ധതിയിടുന്നത് 
വീണ്ടും ചൈനയുടെ പ്രകോപനം; ബ്രഹ്മപുത്ര നദിയിലെ ജലമൂറ്റാന്‍ ടണല്‍ പദ്ധതിയുമായി ചൈന

ന്യൂഡല്‍ഹി : ദോക് ലാം സംഘര്‍ഷത്തിന് അയവുവന്നതിന് പിന്നാലെ ഇന്ത്യയെ വീണ്ടും പ്രകോപിപ്പിക്കാന്‍ ഒരുങ്ങി ചൈന.ദോക് ലാം സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കകള്‍ക്കിടയില്‍ ചേര്‍ന്ന ബ്രിക്‌സ് ഉച്ചക്കോടിയില്‍ ഇന്ത്യയെ വിശ്വാസത്തിലെടുക്കുന്ന നടപടിയാണ് ചൈന സ്വീകരിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ ആദ്യം നടന്ന ബ്രിക്‌സ് ഉച്ചക്കോടി പൂര്‍ത്തിയായി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോള്‍ വീണ്ടും ഒരു സംഘര്‍ഷസാധ്യതയ്ക്കാണ് കളമൊരുങ്ങുന്നത്. ഇത്തവണ ബ്രഹ്മപുത്ര നദിയാണ് ഇന്ത്യയും ചൈനയും തമ്മിലുളള ബന്ധം വഷളാകാന്‍ കാരണമാകുന്ന കേന്ദ്രബിന്ദു. ബ്രഹ്മപുത്ര നദിയിലെ ജലം വഴിത്തിരിച്ചുവിടാനുളള ശ്രമത്തിലാണ് ചൈന. ഇതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ അവര്‍ മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയുടെ വടക്ക് പടിഞ്ഞാറുളള ഊഷര ഭൂമിയായ സിന്‍ജിയാങ് പ്രവിശ്യയെ വികസിപ്പിക്കാനുള ശ്രമത്തിലാണ് ചൈനീസ് സര്‍ക്കാര്‍.പിന്നോക്കാവസ്ഥ നേരിടുന്ന സിന്‍ജിയാങ് പ്രവിശ്യയെ കാലിഫോര്‍ണിയക്ക് സമാനമായ നിലയില്‍ വികസിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിനായി ആയിരം കിലോമീറ്റര്‍ നീളമുളള ടണല്‍ നിര്‍മ്മിച്ച് ബ്രഹ്മപുത്ര നദിയിലെ ജലം വഴിതിരിച്ചുവിടാനാണ് ചൈന ആലോചിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ടണല്‍ പദ്ധതി വഴി സിന്‍ജിയാങിനെ ജലസമൃദ്ധമാക്കാനാണ് ചൈന പദ്ധതിയിടുന്നത്.  ഇതിന്റെ ഭാഗമായി ഓഗസ്റ്റില്‍ തന്നെ യുനാന്‍ പ്രവിശ്യയില്‍ ടണല്‍ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. ഇതൊടൊപ്പം വിവിധ സാങ്കേതികവിദ്യങ്ങള്‍ പരീക്ഷിച്ച് പദ്ധതി വിജയകരമാക്കുന്നതിനായുളള ശ്രമങ്ങളും നടന്നുവരുന്നു. ചൈനയുടെ ഭാഗമായ തിബറ്റില്‍ ബ്രഹ്മപുത്ര നദി യാര്‍ലുങ് സാങ്‌പോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ നിന്ന് വെളളമൂറ്റാനാണ് ചൈന ആലോചിക്കുന്നത്്. 

ബ്രഹ്മപുത്ര നദിയിലെ ജലം ചൂഷണം ചെയ്യാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ക്ക് എതിരെ ഇന്ത്യ ഇതിന് മുന്‍പ് നിരവധി തവണ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ടണല്‍ സ്ഥാപിച്ച് ബ്രഹ്മപുത്ര നദിയിലെ വെളളമൂറ്റാനുളള ചൈനയുടെ നടപടി ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെ സാരമായി ബാധിക്കും. നിലവിലെ ജലലഭ്യത കുറയുന്നതിന് ഇത് ഇടയാക്കും. 2013ല്‍ ബ്രഹ്മപുത്ര നദിയില്‍ ജലവൈദ്യൂത പദ്ധതികള്‍ ആരംഭിക്കാനുളള ചൈനയുടെ ശ്രമങ്ങള്‍ക്ക് എതിരെ ഇന്ത്യ പരാതി ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com