സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാവൂ; ഉദ്യോഗസ്ഥര്‍ക്ക് പോണ്ടിച്ചേരി ലഫ്. ഗവര്‍ണറുടെ കര്‍ശന നിര്‍ദേശം

വ്യക്തമായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി
സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാവൂ; ഉദ്യോഗസ്ഥര്‍ക്ക് പോണ്ടിച്ചേരി ലഫ്. ഗവര്‍ണറുടെ കര്‍ശന നിര്‍ദേശം

പുതുച്ചേരി : വ്യക്തമായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്ന് പോണ്ടിച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പുതുച്ചേരിയിലെ അഞ്ച് ആര്‍ടിഒകള്‍ക്ക് കീഴില്‍ വരുന്ന സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാവൂ. മേല്‍വിലാസം യഥാര്‍ത്ഥ ഉടമ അറിയാതെ ഉപയോഗിക്കുന്നത് പരിശോധിക്കണമെന്നും കിരണ്‍ ബേദി ആവശ്യപ്പെട്ടു. സിനിമാനടി അമല പോള്‍ നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ കാര്‍  രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കിരണ്‍ബേദി നിര്‍ദേശം നല്‍കി. 

സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ നികുതി വെട്ടിച്ച് വാഹനങ്ങള്‍ വ്യാജ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് കിരണ്‍ബേദിയുടെ നിര്‍ദേശം. അമല പോളിന് പിന്നാലെ നടന്‍ ഫഹദ് ഫാസിലും പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമല പോളും ഫഹദ് ഫാസിലും ആഡംബര കാറുകള്‍ പോണ്ടിച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതായാണ് കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. 

ഫഹദിന്റെ 70 ലക്ഷം വില വരുന്ന മെഴ്‌സിഡസ് ഇ ക്ലാസ് ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നമ്പര്‍ 16, സെക്കന്റ് റോസ്, ലോസ്‌പെട്ട്, പുതുപ്പെട്ടി എന്ന വ്യാജമേല്‍വിലാസത്തിലാണ്. എന്നാല്‍ ഫഹദ് എന്നുപേരുള്ള ആളെ അറിയുക പോലുമില്ലെന്നാണ് ഈ വിലാസത്തിലുള്ള വീട്ടില്‍ താമസിക്കുന്ന വീട്ടുടമ പറയുന്നത്. ഫഹദ് ഫാസിലും കുടുംബവും തൃപ്പൂണിത്തുറയിലെ ചോയ്‌സ് ടവറിലാണ് താമസിക്കുന്നത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതുവഴി 14 ലക്ഷം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിട്ടുള്ളത്.

നടി അമല പോള്‍  1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ലാസ് കാര്‍ പോണ്ടിച്ചേരിയിലുള്ള ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അമലയെ നേരിട്ട് അറിയില്ലെന്ന് വിദ്യാര്‍ഥി വ്യക്തമാക്കിയിരുന്നു. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 20 ലക്ഷം രൂപ നഷ്ടമാണ് ഉണ്ടായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com