ഗുര്‍മീതിന് പത്മാ പുരസ്‌കാരത്തിനായി ലഭിച്ചത് 4200 നോമിനേഷനുകള്‍; എല്ലാം എത്തിയത് ഗുര്‍മീതിന്റെ താവളത്തില്‍ നിന്നും

4200ല്‍ അധികം നാമനിര്‍ദേശങ്ങളില്‍ അഞ്ച് എണ്ണം ഗുര്‍മീത് തന്നെ തന്നെ പിന്തുണച്ച് അയച്ചതാണ്
ഗുര്‍മീതിന് പത്മാ പുരസ്‌കാരത്തിനായി ലഭിച്ചത് 4200 നോമിനേഷനുകള്‍; എല്ലാം എത്തിയത് ഗുര്‍മീതിന്റെ താവളത്തില്‍ നിന്നും

പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് 2017ലെ പത്മാ പുരസ്‌കാര നോമിനേഷനിലും ലഭിച്ചത് വലിയ പിന്തുണ. 4200ല്‍ അധികം പേരാണ് ഗുര്‍മീതിന്റെ പത്മാ അവാര്‍ഡ് നോമിനേഷനെ പിന്തുണച്ചത്. 

ഗുര്‍മീതിനെ നാമനിര്‍ദേശം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫിസിലേക്കെത്തിയ 4200ല്‍ അധികം നാമനിര്‍ദേശങ്ങളില്‍ അഞ്ച് എണ്ണം ഗുര്‍മീത് തന്നെ തന്നെ പിന്തുണച്ച് അയച്ചതാണ്. 

2017ലെ പത്മാ അവാര്‍ഡിന് ഗുര്‍മീതിനെ അര്‍ഹമാക്കുക ലക്ഷ്യമിട്ടാണ് പിന്തുണ അറിയിച്ചുള്ള ഇത്രയധികും നാമനിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിലേക്ക ആസൂത്രിതമായി ഒഴുകിയതെന്നാണ് വിലയിരുത്തല്‍. 2015ലും, 2016ലും ഗുര്‍മീതിനെ നിര്‍ദേശിച്ച് ഒരു നാമനിര്‍ദേശം പോലും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് എത്തിയിരുന്നില്ല. 

2017ല്‍ 17,768 നാമനിര്‍ദേശങ്ങളാണ് പത്മാ പുരസ്‌കാരങ്ങള്‍ക്കായി ലഭിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനാണ്. ഇതില്‍ ഭൂരിഭാഗവും വന്നിരിക്കുന്നത് ഗുര്‍മീതിന്റെ പ്രധാന താവളമായ ഹരിയാനയിലെ സിര്‍സയില്‍ നിന്നുമാണ്. സിര്‍സയില്‍ നിന്നുമുള്ള അബ്ബാസ് എന്നു പേരുള്ള വ്യക്തി 31 തവണയാണ് ഗുര്‍മീതിനെ പിന്തുണച്ച് റെക്കമന്‍ഡേഷന്‍ അയച്ചിരിക്കുന്നത്.

പത്മവിഭൂഷണ്‍, പത്മശ്രീ, പത്മഭൂഷണ്‍ എന്നി് പുരസ്‌കാരങ്ങള്‍ക്ക് ഏതൊരു പൗരനും ഒരു വ്യക്തിയെ നിര്‍ദേശിക്കാം. കല, എഴുത്ത്, കായികം, ശാസ്ത്രം, സാമൂഹ്യ സേവനം, സിവില്‍ സര്‍വീസ്, വ്യവസായം എന്നീ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പത്മാ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com